ലോട്ടറി ചൂതാട്ടം, എരുമപ്പെട്ടിയിൽ മൂന്നു പേർ അറസ്റ്റിൽ
കുന്നംകുളം: എരുമപ്പെട്ടി തിച്ചൂരിൽ ലോട്ടറി ചൂതാട്ടം നടത്തുന്ന മൂന്ന് പേരെ എരുമപ്പെട്ടി പൊലിസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് പണവും ഇടപാടുകൾ നടത്തിയിരുന്ന പേപ്പറുകളും പൊലിസ് കണ്ടെടുത്തു. തിച്ചൂർ ഡാറ്റാ ലോട്ടറി ഏജൻ്റായ തളി ചേലൂർച്ചിറ മൂരിപ്പാറ വീട്ടിൽ കുട്ടൻ( 39), ഇട്ടോണം മൈലാടികുന്ന് വീട്ടിൽ പ്രജിത്ത് (19), ചാലിശ്ശേരി പിലാക്കൂട്ടത്തിൽ വീട്ടിൽ റഷീദ്( 42) എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് 12,490 രൂപയും ലോട്ടറി ഇടപാടുകൾക്കായി സൂക്ഷിച്ചിരുന്ന പേപ്പറുകളും പൊലിസ് കണ്ടെടുത്തു.
കേരള ലോട്ടറി ഏജൻ്റായ കുട്ടൻ്റെ സ്ഥാപനം കേന്ദ്രീകരിച്ചാണ് അനധികൃത ചൂതാട്ടം നടത്തിയിരുന്നത്. കേരള ലോട്ടറിയുടെ അവസാനത്തെ നാല് നമ്പറുകൾ കടലാസിലും വാട്സ് ആപിലും എഴുതി നൽകിയാണ് ചൂതാട്ടം നടത്തുന്നത്.കേരള ലോട്ടറിയുടെ സമാനമായ നമ്പറുകൾ ഉപയോഗിച്ചാണ് സമ്മാനങ്ങൾ നൽകുന്നത്. കേരള ലോട്ടറിയുടെ ഏത് നമ്പർ വേണമെങ്കിലും ആവശ്യക്കാർക്ക് എഴുതി നൽകാം. ഒരാൾ കുറഞ്ഞത് ഇത്തരത്തിലുള്ള അഞ്ച് ലോട്ടറി നമ്പറെങ്കിലും എടുക്കണം. 20 രൂപയാണ് ഒരു ലോട്ടറി നമ്പറിന് ഈടാക്കുന്നത്.
കേരള ലോട്ടറി നറുക്കെടുപ്പ് കഴിഞ്ഞ് സമ്മാനാർഹമായ ടിക്കറ്റ് നമ്പറുകൾ പ്രഖ്യാപിച്ചാൽ ഈ നമ്പറുകൾ എടുത്തവർക്ക് സമ്മാനതുക നൽകുന്നു. അവസാനത്തെ മൂന്ന് നമ്പറുകൾക്കാണ് സമ്മാനം നൽകുന്നത്. അതേ സമയം ഇതൊരു തട്ടിപ്പാണെന്നും ആരോപണമുണ്ട്. സാധാരണക്കാരായ കൂലി പണിക്കാരാണ് ലോട്ടറി ചൂതാട്ടത്തിന് കൂടുതലും ഇരകളാകുന്നത്. വീട്ടമ്മമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ ബ്രാഞ്ച് രഹസ്യാന്വേഷണ വിഭാഗം വിവരം നൽകിയതിനെ തുടർന്ന് എരുമപ്പെട്ടി എസ്.ഐ ടി.സി അനുരാജിൻ്റെ നേതൃത്വത്തിൽ സിവിൽ പൊലിസ് ഓഫീസർമാരായ കെ.സഗുൺ, എ.ബി ശിഹാബുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്