ഗുരുവായൂർ ക്ഷേത്രത്തിലെ മണിക്കിണർ വറ്റിച്ചുള്ള നവീകരണം ആരംഭിച്ചു
ഗുരുവായൂർ : ക്ഷേത്രത്തിലെ മണിക്കിണർ വറ്റിച്ചുള്ള നവീകരണം. ആരംഭിച്ചു രാവിലെ ശീവേലിക്ക് ശേഷം രാവിലെ 7 ന് ക്ഷേത്രം തന്ത്രി ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാനിധ്യത്തിൽ ആണ് വെള്ളം വറ്റിക്കൽ ആരംഭിച്ചത് .ഉച്ചക്ക് ശേഷം കിണറിന്റെ പഴയ നെല്ലി പടി എടുത്തു മാറ്റി പുതിയത് സ്ഥാപിച്ചു .
കരിങ്കല്ലു കൊണ്ടു കെട്ടിയ കിണറിൽ കളിമൺ റിങുകൾ സ്ഥാപിക്കും. ഇടയിൽ പുഴ മണൽ, ചെറിയ മെറ്റൽ, കരി എന്നിങ്ങനെ ശുദ്ധീകരിക്കാനുള്ള പ്രകൃതിദത്ത വസ്തുക്കളും നിറയ്ക്കും.
നാലമ്പലത്തിനകത്തെ മഴ വെള്ളം ശുദ്ധീകരിച്ച് കിണറിലേക്ക് തിരിച്ചുവിടും. നാലമ്പലത്തിലെ ഓവുകൾക്ക് പകരം പൈപ്പും സ്ഥാപിക്കും. 30 ലക്ഷത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ വഴിപാടായി നടത്തുന്നത് ചെന്നൈയിൽ ബിസിനസ് നടത്തുന്ന മലയാളിയായ പ്രദീപാണ്. എറണാകുളം സ്വദേശിയായ എൻജിനീയർ ശ്രീനിവാസന്റെ മേൽനോട്ടത്തിലാണ് നവീകരണം. രണ്ടാഴ്ചയ്ക്കുള്ളിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകും.
ക്ഷേത്രത്തിലെ നിവേദ്യങ്ങൾ തയ്യാറാക്കാനും അഭിഷേകത്തിനുമുള്ള വെള്ളം ഈ കിണറ്റിൽ നിന്നാണെടുക്കുന്നത്.
2014ൽ മണിക്കിണർ ചെളി കോരി വൃത്തിയാക്കിയിരുന്നു. എന്നാൽ അടുത്തിടെയായി വെള്ളത്തിന് നിറം മാറ്റം കണ്ടു. ഈ സാഹചര്യത്തിലാണ് നവീകരണം.