ചേറ്റുവ – പെരിങ്ങാട് പുഴയിലെ ചളി നീക്കുന്നില്ല , പുഴയിൽ ഇറങ്ങി സമരം
ഗുരുവായൂർ : ചേറ്റുവ – പെരിങ്ങാട് പുഴയിൽ പ്രളയകാലത്ത് ഒലിച്ചു വന്നതടക്കം അടിഞ്ഞുകൂടിയ എക്കൽ മണ്ണും ചളിയും കാലങ്ങളായി നീക്കാത്തതിൽ പ്രതിഷേധിച്ചു മൽസ്യതൊഴിലാളികളും, തീരദേശ നിവാസികളും കുടുംബങ്ങളും പുഴയിൽ ഇറങ്ങി സമരം നടത്തി.തീരദേശ സംരക്ഷണസമിതി കൂരിക്കാട് ഘടകത്തിന്റെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്.
പുഴ മൂടിപ്പോയത് കാരണം നിലവിൽ മൽസ്യ സമ്പത്ത് തീർത്തും ഇല്ലാതാവുകയും പുഴയെ ആശ്രയിച്ചു ജീവിക്കുന്ന മൽസ്യ തൊഴിലാളികളുടെ കുടുംബം വരുമാനം നിലച്ച അവസ്ഥയിലുമാണ്.മാത്രമല്ല മഴക്കാലത്ത് വിവിധ ഡാമുകളിൽ നിന്നും തൃശൂർ ജില്ലയിലെ ഭൂരിഭാഗ പ്രദേശത്തെയും അധിക ജലം ഒലിച്ചു വരുന്നത് ചേറ്റുവ-പെരിങ്ങാട് പുഴയിലേക്കാണ്. ഈ വെള്ളത്തെ ഉൾകൊള്ളാൻ സാധിക്കാത്തത് കാരണം മഴക്കാലങ്ങളിൽ തീരദേശങ്ങളിൽ വെള്ളക്കെട്ട് മൂലം ഉണ്ടാക്കുന്ന ദുരിതങ്ങൾ വളരെ വലുതാണ്.
പെരിങ്ങാട് പുഴയിലെ ചളി നീക്കുവാൻ ജില്ലാ പഞ്ചായത്തിന്റേത് അടക്കം വിവിധ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടിട്ടും ഇതുവരെ ഒന്നും നടപ്പിലായിട്ടില്ല. പകരം പെരിങ്ങാട് പുഴയെ റിസർവ് ഫോറസ്റ്റ് ആക്കി തീരദേശത്തെ ദുരിതത്തിൽ മുക്കി ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ത്രിതല പഞ്ചായത്ത് അധികൃതരും, മണലൂർ എം എൽ എ മുരളി പെരുനെല്ലിയും എം പി ടി എൻ പ്രതാപനും ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ടു എത്രയും പെട്ടന്ന് പരിഹാരം കാണണമെന്നു സമരസമിതി ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ കുടിൽ കെട്ടി സമരം അടക്കമുള്ള സമരങ്ങളിലേക്ക് പ്രദേശവാസികൾക്ക് കടക്കേണ്ടി വരും. ഈ വരുന്ന മഴക്കാലത്ത് വെള്ളകെട്ടു മൂലം ഉണ്ടാവുന്ന എല്ലാ ദുരിതങ്ങൾക്കും അധികൃതർ ആയിരിക്കും കാരണക്കാർ എന്നും മുന്നറിയിപ്പ് നൽകി.
പ്രതിഷേധ യോഗത്തിന് തീരദേശ സംരക്ഷണ സമിതി ചയർമാൻ അബു കട്ടിലിൽ അധ്യക്ഷത വഹിച്ചു .കൺവീനർ ഷൈജു തിരുനെല്ലൂർ , തീരദേശ സംരക്ഷണ സമിതി എക്‌സിക്യൂട്ടീഅംഗങ്ങളായ താജുദ്ദീൻ കുരീക്കാട് ഷൗക്കത്ത് , അബൂബക്കർ സിദ്ധിക്ക് ,സിറാജ് മൂകൊലെ , സുനിൽ അപ്പു രാധാകൃഷ്ണൻ യു കെ ഉസ്മാൻ കൂരിക്കാട് എന്നിവർ സംസാരിച്ചു