ചേറ്റുവ-പെരിങ്ങാട് പുഴ വനവൽകരണത്തിന് എതിരെ വായമൂടി സമരം
ഗുരുവായൂർ : ചേറ്റുവ-പെരിങ്ങാട് പുഴ റിസർവ് വനം ആക്കുന്ന പദ്ധതി പിൻവലിക്കണം എന്ന തീരദേശ നിവാസികളുടെ ആവശ്യം നിരാകരിക്കുന്നതിന് എതിരെ തീരദേശ സംരക്ഷണ സമിതി വായമൂടികെട്ടി പ്രതിഷേധം നടത്തി.
പാവറട്ടി പഞ്ചായത്ത് പുതിയ കെട്ടിത്തിന്റെ ഉത്ഘാടനം മുരളി പെരുനെല്ലി എം എൽ എ നടത്തിയ വേദിയ്ക്ക് സമീപമാണ് നൂറോളം പേര് പങ്കെടുത്ത പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്.
എം എൽ എ യുടെ അഭ്യർത്ഥന പ്രകാരം വനം വകുപ്പ് മന്ത്രിയുടെ
ചേമ്പറിൽ ചേർന്ന യോഗത്തെ തുടർന്ന്ചേറ്റുവ- പെരിങ്ങാട് പുഴ റിസർവ് വനം ആക്കുന്ന പദ്ധതി താൽകാലികമായി നിറുത്തി വെക്കാൻ മന്ത്രി വന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി എന്നത് വ്യാജ പ്രചരണം ആയിരുന്നു എന്ന് വിവരാവകാശ നിയമ പ്രകാരം ലഭ്യമായ രേഖകളിൽ നിന്നും വ്യക്തമായതിനെ തുടർന്നാണ് എം എൽ എ പങ്കെടുത്ത വേദിക്ക് സമീപം തീരദേശ സംരക്ഷണ സമിതി പ്രതിഷേധം സംഘടിപ്പിച്ചത്
പെരിങ്ങാട് പുഴയെ കാടാക്കി മാറ്റിയാൽ പതിനായിരകണക്കിന് കുടുംബങ്ങളെ സാരമായി ഈ പദ്ധതി നേരിട്ട് ബാധിക്കുന്നതോടൊപ്പം തീരദേശങ്ങളിൽ വന നിയമം അടിച്ചേൽപ്പിക്കപെടുകയും ഭവന നിർമാണം അടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾ നിരോധിക്കുകയോ നിയന്ത്രിക്കപെടുകയോ ചെയ്യും.
ചേറ്റുവ കണ്ടൽ തുരുത്ത് പക്ഷി സങ്കേതമാക്കുകയും പദ്ധതി പ്രകാരം പെരിങ്ങാട് പുഴ അതിനോട് ചേർക്കുകയും ചെയ്‌താൽ ഒരുമനയൂർ, എങ്ങണ്ടിയൂർ, വെങ്കിടങ്, മുല്ലശേരി, പാവറട്ടി പഞ്ചായത്തുകളിലെ വലിയ ഒരു പ്രദേശം ബഫർ സോൺ പരിധിയിൽ വരികയും ചെയ്യുന്നത് വലിയ പ്രത്യാഘാതങ്ങൾ ആയിരിക്കും പ്രദേശത്ത് ഉണ്ടാക്കുക.
തീരദേശ സംരക്ഷണ സമിതി ചെയർമാൻ അബു കാട്ടിൽ, കൺവീനർ ഷൈജു തിരുനെല്ലൂർ, ജോയിൻറ് കൺവീനർ സിറാജ് മൂക്കലെ, ട്രെഷറർ ഉമ്മർ കാട്ടിൽ,ശരീഫ് ചിറക്കൽ, മോഹനൻ കളപുരയ്ക്കൽ, സുബൈർ ചേറ്റുവ,ജമാലുദ്ദീൻ പെരുമ്പാടി എന്നിവർ പ്രതിഷേധത്തിനു നേതൃത്വം നൽകി