സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ച, ഗൾഫ് മേഖലയിൽ നാളെ
കോഴിക്കോട്: സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ചയായിരിക്കുമെന്ന് അറിയിപ്പ്. ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീർ സഖാഫി പ്രഖ്യാപിച്ചു. കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമാലുല്ലൈലിയും മാസപ്പിറവി എവിടെയും ദൃശ്യമായില്ലെന്ന് അറിയിച്ചു.
ചെറിയ പെരുന്നാൾ പ്രഖ്യാപനം വന്നതോടെ ഏപ്രിൽ 22നും സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധിയായിരിക്കും. പെരുന്നാൾ പ്രഖ്യാപനം വന്നതോടെ വിശ്വാസികള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. വീടുകളിലും ഈദ് ഗാഗുകളിലും ഒരുക്കങ്ങള്‍ തുടങ്ങി. പുതിയ വസ്ത്രങ്ങളുടുത്തും മൈലാഞ്ചിയിട്ടും പെരുന്നാളിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് സ്ത്രീകളും കുട്ടികളും
അതെ സമയം : സൗദി അറേബ്യയിലെ തുമൈറിൽ ശവ്വാൽ മാസപ്പിറ കണ്ടതിന്‍റെ അടിസ്ഥാനത്തിൽ ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്ർ വെള്ളിയാഴ്ച ആഘോഷിക്കും . സൗദി പ്രഖ്യാപനം വന്നത് പിന്നാലെ യു.എ.ഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളും പെരുന്നാൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ വെള്ളിയാഴ്ച റമദാൻ 30 പൂർത്തീകരിച്ച് ശനിയാഴ്ചയായിരിക്കും ഈദുൽ ഫിത്റെന്ന് ഒമാൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മൂന്നു വർഷത്തിന് ശേഷം കോവിഡിന്‍റെ നിയന്ത്രണങ്ങളില്ലാതെ വന്നെത്തുന്ന ചെറിയ പെരുന്നാളിനെ സ്വീകരിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഗൾഫ് രാജ്യങ്ങളിൽ ഇത്തവണ ഒരുക്കിയിട്ടുള്ളത്. ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്കാരങ്ങൾ നടക്കും. വ്യാഴാഴ്ച മുതൽ തന്നെ വിവിധ രാജ്യങ്ങളിൽ പെരുന്നാൾ അവധി ദിനങ്ങൾ ആരംഭിച്ചിട്ടുണ്ട്