Header 1 = sarovaram
Above Pot

ഗുരുവായൂരിൽ വിഷുക്കണി ദർശനം ഏപ്രിൽ 15ന് പുലർച്ചെ 2.45 മുതൽ 3. 45 വരെ ആയിരിക്കും

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദർശനം ഏപ്രിൽ 15ന് പുലർച്ചെ 2.45 മുതൽ 3. 45 വരെ ആയിരിക്കും. നാലമ്പലത്തിനകത്ത് നമസ്‌ക്കാര മണ്ഡപത്തിലും ഈവര്‍ഷം വിഷുക്കണി കാണാന്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കും. ഇതോടെ നാലമ്പലത്തിനകത്ത് പ്രവേശിയ്ക്കുന്ന ഭക്തര്‍ക്ക് ഭഗവാനെ കാണുന്നതിനോടൊപ്പം വിഷുക്കണിദര്‍ശനവും നേടി സായൂജ്യമടയാം. . വിഷുദിവസം ഭക്തര്‍ക്ക് പ്രധാന കണി ശ്രീഗുരുവായൂരപ്പനാണ്. ശ്രീലകത്ത് ഭഗവാന്റെ വലതുഭാഗത്തായി മുഖമണ്ഡപത്തിലാണ് ശ്രീഗുരുവായൂരപ്പനുവേണ്ടി കണിയൊരുക്കുന്നത്.

Astrologer

സ്വര്‍ണ്ണ സിംഹാസനത്തില്‍ ശീവേലിയുടെ പൊന്‍തിടമ്പ് എഴുന്നെള്ളിച്ച് ഓട്ടുരുളിയില്‍ കണികോപ്പുകളൊരുക്കും. ക്ഷേത്രം മേല്‍ശാന്തി ശിവകരന്‍ നമ്പൂതിരി ഭഗവാനെ കണികാണിച്ചശേഷം ഭക്തര്‍ക്കായി ശ്രീലക വാതില്‍ തുറക്കും. ശ്രീകോവിലിന് പുറത്ത് നമസ്‌ക്കാര മണ്ഡപത്തിലും സമാനമായിട്ടാണ് കണിയൊരുക്കുന്നത്. ആറാട്ടിന്റെ സ്വര്‍ണ്ണപീഠത്തിലാണ് ശ്രീഗുരുവായൂരപ്പന്റെ തങ്കതിടമ്പ് നമസ്‌ക്കാര മണ്ഡപത്തില്‍ വയ്ക്കുക. കഴിഞ്ഞ വര്‍ഷംവരെ തിരക്കിനിടെ പല ഭക്തര്‍ക്കും ശ്രീകോവിലിലെ മുഖമണ്ഡപത്തിലെ വിഷുക്കണി കാണാന്‍ സാധിയ്ക്കാറില്ല. എന്നാല്‍ ഈ വര്‍ഷം നാലമ്പലത്തിനകത്ത് പ്രവേശിയ്ക്കുന്ന ഭക്തര്‍ ശ്രീഗുരുവായൂരപ്പനേയും, ഒപ്പം വിഷുക്കണി ദര്‍ശനവും ഒറ്റനോട്ടത്തില്‍ ദര്‍ശിച്ച് ആത്മസായൂജ്യം നേടാം.

കണിദര്‍ശനത്തെ തുടര്‍ന്ന് ഭഗവാന് തൈലാഭിഷേകം, വാകചാര്‍ത്ത് തുടങ്ങി പതിവ് പൂജകളും നടക്കും. വിഷുക്കണി ദര്‍ശനം കാണാനെത്തുന്ന ഭക്തര്‍ക്ക് ക്ഷേത്രം മേല്‍ശാന്തി തോട്ടം ശിവകരന്‍ നമ്പൂതിരി വിഷുകൈ നീട്ടവും നല്‍കും. വിഷുവിന് നമസ്‌ക്കാര സദ്യയുടെ വിഭവങ്ങള്‍ ഭഗവാന് നിവേദിയ്ക്കും. രാത്രി വിഷുവിളക്ക്. ക്ഷേത്രത്തില്‍ ആരംഭിച്ച തോട്ടം ശ്യാം നമ്പൂതിരിയുടെ വിഷുഭാഗവത സപ്താഹം നാളെ (വെള്ളി) സമാപിയ്ക്കും.

വിഷു ദിവസം മലർ നിവേദ്യം കഴിയുന്നത് വരെ ( കാലത്ത് സുമാർ 5 മണി ) പുറത്തു ക്യൂ നിൽക്കുന്ന ഭക്തരെ കൊടിമരം വഴി നേരിട്ട് ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കും .ഇതിനാൽ കാലത്ത് 5 മണി വരെ ശയനപ്രദക്ഷിണം, ചുറ്റമ്പല പ്രദക്ഷിണം എന്നിവ അനുവദിക്കില്ല.പ്രാദേശികം,സീനിയർ എന്നിവർക്കുള്ള ദർശനവും ഉണ്ടായിരിക്കുന്നതല്ല. ചോറൂൺ കഴിഞ്ഞ കുട്ടികൾക്കുള്ള ദർശന സൗകര്യം അന്നേ ദിവസം കാലത്ത് പന്തീരടി പൂജയ്ക്ക്ശേഷം (സുമാർ 9 മണി )മാത്രമേ ഉണ്ടായിരിക്കുകയുള്ളു.

.വിഷുക്കണി ദർശനത്തിനായി തലേന്ന് വൈകുന്നേരം മുതൽ കാത്തിരിക്കുന്ന ഭക്തർക്കായി പ്രത്യേക ക്യൂ സംവിധാനം ഒരുക്കും.. സുഗമമായ വിഷുക്കണി ദർശനത്തിന് ദേവസ്വം ഏർപ്പെടുത്തുന്ന ക്രമീകരണങ്ങൾക്ക് ഭക്തജനങ്ങളുടെ പിൻതുണയും സഹകരണവും ഉണ്ടാകണമെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയനും അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയനും അഭ്യർത്ഥിച്ചു.

Vadasheri Footer