Header 1 = sarovaram
Above Pot

ക്രൈസ്ത വിശ്വാസികൾ ഓശാനാ പെരുന്നാൾ ആഘോഷിച്ചു

ഗുരുവായൂർ :ക്രൈസ്ത വിശ്വാസികൾ വിവിധ പള്ളികളിൽ ഓശാനാ പെരുന്നാൾ ആഘോഷിച്ചു . പാലയൂർ മാർതോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും പ്രത്യേക പ്രാർത്ഥനകളും നടന്നു.ഓശാന ഞായർ തിരുക്കർമങ്ങൾക്കും ദിവ്യബലിക്കുംതീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ് കണ്ണമ്പുഴ മുഖ്യ കർമികത്വം നൽകി.കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് വന്ന ക്രിസ്തുവിനെ ഒലിവിന്റെ ചില്ലകളേന്തി ആർപ്പുവിളികളോടെ ജനം സ്വീകരിച്ചതിന്റെ അനുസ്മരണമായാണ് ഓശാന ഞായർ ആഘോഷിക്കുന്നത്.

Astrologer

ഓശാന ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമകൾ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിനും ഇന്ന് തുടക്കമാകും. അന്ത്യ അത്താഴത്തിന്റെ ഓർമ്മയിൽ വ്യാഴാഴ്ച രാവിലെ 7 മണിക്ക് പെസഹ ദിനം ആചരിക്കും. തീർത്ഥകേന്ദ്രത്തിൽ കാൽ കഴുകൽ ശുശ്രൂഷയും വീടുകളിൽ പുളിപ്പില്ലാത്ത അപ്പം മുറിക്കലും നടക്കും. കുരിശു മരണത്തിന്റെ ഓർമകൾ പുതുക്കുന്ന ദുഃഖവെള്ളിയിൽ 7മണിക്ക് തിരുക്കർമങ്ങളും,പീഡാനുഭവ വായനകളും അന്നേ ദിവസം വൈകീട്ട് 4 മണിക്ക് നഗരികാണിക്കൽ പ്രദക്ഷിണങ്ങളും നടക്കും. 9ന് ഞായറാഴ്ച ഉയിർപ്പുതിരുനാൾ ആഘോഷത്തോടെ 50 നോമ്പാചരണത്തിന് പരിസമാപ്തിയാകും.ഓശാന തിരുകർമങ്ങൾക്കു തീർത്ഥകേന്ദ്രം അസി വികാരി ഫാ ആന്റോ രായപ്പൻ, ഇടവക ട്രസ്റ്റിമാരായ ജോസഫ് വടക്കൂട്ട്, ജിന്റോ ചെമ്മണ്ണൂർ, സിന്റോ തോമസ്, മാത്യു ലീജിയൻ, കമ്മിറ്റി അംഗങ്ങളായ സിമി തോമസ്, തോമസ് വാകയിൽ, ലോറൻസ് പി എൽ എന്നിവർ നേതൃത്വം നൽകി.

കോട്ടപ്പടി ബഥനി കോൺവെന്റിൽ രാവിലെ 6.30 ന് ഓശാന തിരുകർമ്മങ്ങൾ ആരംഭിച്ചു. തുടർന്ന് കുരുത്തോലകൾ കൈകളിലേന്തി സെന്റ് ലാസേർസ് ദേവാലയത്തിലേക്ക് നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത പ്രദക്ഷിണം നടന്നു. സി എൽ സി അംഗങ്ങൾ ഒരുക്കിയ ടാബ്ലോ ഉണ്ടായിരുന്നു .ഓശാന തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ.ജോയ് കൊള്ളന്നൂർ മുഖ്യ കാർമ്മികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ഗോഡ്വിൻ കിഴക്കൂടൻ സഹകാർമ്മികനായി. ചടങ്ങുകൾക്ക് ട്രസ്റ്റിമാരായ എൻ.എം. കൊച്ചപ്പൻ , എം ജെ സെബാസ്റ്റ്യൻ , ജി ജോ ജോർജ് , ബേബി ജോൺ ചുങ്കത്ത് , പ്രതിനിധി സഭ സെക്രട്ടറി ബാബു വർഗീസ്, പി ആർ ഒ ജോബ് സി. ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകി.

ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളിയിൽ ഓശാന തിരുനാൾ ആഘോഷിച്ചു.. തിരുവെങ്കിടം എ.എൽ.പി സ്കൂളിൽ നിന്നാണ് തിരുക്കർമ്മങ്ങൾ ആരംഭിച്ചത്. തുടർന്ന് കുരുത്തോലകളുമായി നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത ഓശാന പ്രദക്ഷിണം നടന്നു. തിരുകർമ്മങ്ങൾക്ക് വികാരി ഫാദർ പ്രിന്റോ കുളങ്ങര കാർമികനായി. കൈക്കാരന്മാരായ ഒ.സി. ബാബുരാജൻ, എൻ.കെ. ലോറൻസ് , പ്രിൻസൻ തരകൻ എന്നിവർ നേതൃത്വം നൽകി

Vadasheri Footer