പാചക വാതക വില വർധന , കെ എച്ച് ആർ എ ഏജീസ് ഓഫീസിലേക്ക് മാർച്ച് നടത്തി
തൃശൂർ : വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ അനിയന്ത്രിതമായ വിലവർദ്ധ നവിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഹോട്ടലുടമ സംഘടനകളുമായി കൈകോർത്ത് രാജ്യവ്യാപകമായി പ്രതിഷേധ സമരം വ്യാപിപ്പിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസ്സോസ്സിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബാലകൃഷ്ണ പൊതുവാൾ. പാചകവാതകത്തിന്റെ വിലവർദ്ധനവിനെതിരെ കെ.എച്ച്.ആർ.എ. തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അടിയ്ക്കടിയുള്ള പാചകവാതകത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും ക്രമാതീതമായ വില വർദ്ധനവ് ഹോട്ടൽ മേഖലയെ തകർത്തുവെന്നും വിലവർദ്ധനവ് പിൻവലിക്കണമെന്നും ബാലകൃഷ്ണ പൊതുവാൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. തെക്കേ ഗോപുര നടയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ ഹോട്ടലുടമകൾ തലയിൽ വിറകും, ഓലയും ചുമന്നുകൊണ്ട് ഏജീസ് ഓഫീസിന് മുമ്പിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചു.
ഏജീസ് ആഫീസിന് മുമ്പിൽ നടത്തിയ സമരത്തിൽ ജില്ലാ പ്രസിഡണ്ട് അമ്പാടി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് സി.ബിജുലാൽ, സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.സുഗുണൻ, സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, മുൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ജി.കെ.പ്രകാശ്, മുൻ സംസ്ഥാന ട്രഷറർ എം.ശ്രീകുമാർ, മുൻ ജില്ലാ രക്ഷാധികാരി എൻ.കുമാരൻ, പ്രേമരാജ് ചൂണ്ടലത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ നേതാക്കളായ വി.ആർ.സുകുമാർ, സുന്ദരൻ നായർ, വി.ജി.ശേഷാദ്രി, പി.എസ്. ബാബുരാജ്, വിനേഷ് വെണ്ടൂർ, എൻ.കെ.അശോക് കുമാർ, ടി.എ.ഉസ്മാൻ, ജോസ് മേത്തല,ഏ.സി. ജോണി, ഒ.കെ.ആർ.മണികണ്ഠൻ, കെ.ഡി.ജോൺസൺ എന്നിവർ പ്രതിഷേധ പ്രകടനത്തിനും സമരത്തിനും നേതൃത്വം നൽകി.