ഹെലികോപ്ടർ അപകടം, നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ നിയന്ത്രണം നീക്കി.
കൊച്ചി ഹെലികോപ്ടർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേർപ്പെടുത്തിയ നിയന്ത്രണം നീക്കി. ഹെലികോപ്ടർ റൺവേയിൽ നിന്നും നീക്കിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാണ് റൺവെ തുറന്നത്. വിമാനത്താവളത്തിൽ സർവീസ് സാധാരണ നിലയിലേക്കെത്തി. ദില്ലി-കൊച്ചി വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. തുടർന്ന് മറ്റു വിമാനങ്ങളും ലാൻഡ് ചെയ്തുഹെലികോപ്ടർ അപകടത്തെ തുടർന്ന് കൊച്ചിയിൽ നിന്നും ജിദ്ദയിലേക്കും ലണ്ടനിലേക്കുമുള്ള വിമാനങ്ങൾ വൈകിയിരുന്നു.
ഇന്ന് ഉച്ചക്ക് ഏകദേശം പന്ത്രണ്ടര മണിയോടെയാണ് പരിശീലന പറക്കലിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്ടർ തകർന്നുവീണ് അപകടമുണ്ടായത്. റൺവേയുടെ പുറത്ത് അഞ്ച് മീറ്റർ അപ്പുറത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. പറന്നുയരാൻ തുടങ്ങുമ്പോഴായിരുന്നു അപകടം. അപകടത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ച വിമാനത്താവളം, ക്രൈൻ ഉപയോഗിച്ച് ഹെലികോപ്റ്റർ ഉയർത്തി മാറ്റിയ ശേഷമാണ് തുറന്ന് നൽകിയത്.
മൂന്ന് കോസ്റ് ഗാർഡ് ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്നത്. തീരസംരക്ഷണ സേനയുടെ ഡെപ്യൂട്ടി കമാൻഡന്‍റും മലയാളിയുമായ വിപിനാണ് തകർന്നു വീണ ഹെലികോപ്ടർ പറത്തിയത്. കമാണ്ടൻറ് സി ഇ ഒ കുനാൽ, ടെക്നിക്കൽ സ്റ്റാഫ് സുനിൽ ലോട്‍ല എന്നിവരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഇവരിൽ സുനിൽ ലോട്‌ല ക്കാണ് അപകടത്തിൽ പരിക്കേറ്റതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്