
ലോക്കൽ സെക്രട്ടറിയുടെ മർദനമേറ്റ, സിപിഎം മഹിളാ നേതാവിന്റെ മകൻ മരണത്തിന് കീഴടങ്ങി

ചാവക്കാട് : ഏങ്ങണ്ടിയൂർ പഞ്ചായത്താഫീസിൽ സി.പി.എം ലോക്കൽ സെക്രട്ടറിയുടെ മർദനമേറ്റ യുവാവ് മരണത്തിന് കീഴടങ്ങി . സി.പി.എം നേതാവും ബ്ളോക്ക് പഞ്ചായത്ത് അംഗവും മഹിളാ അസോസിയേഷൻ നേതാവുമായ കെ.ബി.സുധയുടെ മകൻ അമൽകൃഷ്ണൻ(31) ആണ് മരിച്ചത്. ഫെബ്രുവരി ഒന്നിന് ആയിരുന്നു സംഭവം . 45 ദിവസമായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഏങ്ങണ്ടിയൂരിലെ വീട്ടിലെത്തിച്ചത്. ഞായറാഴ്ച വൈകീട്ട് എട്ടോടെ മരിച്ചത്.

ലോക്കൽ സെക്രട്ടറി ജ്യോതിലാലുമായിട്ടാണ് സംഘർഷം ഉണ്ടായത് . സുധയുടെ അയൽവാസിയുമായുള്ള തർക്കം സംബന്ധിച്ച വാക്കേറ്റമാണ് ഇരുവരും തമ്മിലുള്ള അടിപിടിയിലെത്തിയത്. ജ്യോതിലാലും ഏരിയാ കമ്മിറ്റിയംഗം കെ.എച്ച്.സുൽത്താനും ചേർന്നായിരുന്നു അമൽകൃഷ്ണനെ മർദിച്ചതായി ആക്ഷേപമുണ്ടായിരുന്നു.

അമൽകൃഷ്ണൻറെ മൂക്കിന്റെ എല്ലിന് പൊട്ടലടക്കമുള്ള പരിക്കുണ്ടായിരുന്നു. ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിൽസയിലുമായിരുന്നു. പരിക്കുകൾ ഭേദപ്പെട്ടതിനെ തുടർന്നാണ് വിടുതൽ ചെയ്ത് വീട്ടിലെത്തിച്ചത്. .