ചേർപ്പ് സദാചാരക്കൊല, നാല് പ്രതികൾ പിടിയിൽ.
തൃശൂർ : ചേർപ്പ് ചിറയ്ക്കലിലെ സദാചാരക്കൊലയിൽ നാല് പ്രതികൾ പൊലീസ് കസ്റ്റഡിയിലായി. ഉത്തരാഖണ്ഡിൽ നിന്നും പിടിയിലായ പ്രതികളെ നാളെ തൃശൂരിലെത്തിക്കും. ആക്രമണത്തിന് ഒരു മാസവും മരണത്തിന് പത്ത് ദിവസവും പിന്നിടുമ്പോഴാണ് കേസിലെ മുഖ്യപ്രതികളിൽ നാല് പേരെ പൊലീസ് പിടികൂടിയത് . .
ഫ്രെബ്രുവരി 18ന് ചേർപ്പ് ചിറക്കൽ തിരുവാണിക്കാവിൽ വനിതാ സുഹൃത്തിനെ കാണാനെത്തിയ ബസ് ഡ്രൈവർ സഹറിനെ സംഘം ചേർന്ന് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ പ്രതികളെ പ്രതിഷേധങ്ങൾക്കും കുടുംബത്തിന്റെ കടുത്ത വിമർശനങ്ങൾക്കുമിടയിലാണ് ചേർപ്പ് സ്വദേശികളായ അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരെ പോലീസ് പിടി കൂടുന്നത്. സംഭവത്തിന് ശേഷം മുങ്ങിയ ഇവരെ ഉത്തരാഖണ്ഡിൽ നിന്നുമാണ് പിടികൂടിയത്. ഇനിയും ആറ് പേരെ കൂടി പിടികൂടാനുണ്ട്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് സംഘം കേരളം വിട്ടതായി അറിഞ്ഞത്. ഇതോടെ അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ഉത്തരാഖണ്ഡിൽ പ്രത്യേകസംഘമായി തിരിഞ്ഞാണ് പൊലീസ് പ്രതികൾക്കായി തിരച്ചിൽ നടത്തിയത്. ചിറയ്ക്കൽ കോട്ടം നിവാസികളായ വിജിത്ത് , വിഷ്ണു, ഡിനോൺ , രാഹുൽ , അഭിലാഷ് , മൂർക്കനാട് സ്വദേശി ജിഞ്ചു എന്നിവരാണ് ഇനി അറസ്റ്റിലാവാനുള്ള പ്രതികൾ. ഇവർക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.
വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ ഫെബ്രുവരി 18ന് അര്‍ദ്ധരാത്രിയാണ് പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ആന്തരീകാവയവങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ കഴിയവെ ഈ മാസം ഏഴിനാണ് സഹര്‍ മരിച്ചത്. കസ്റ്റഡിയിലായ പ്രതികളെ നാളെ തൃശൂരിലെത്തിക്കും. ഇവരിൽ നിന്നും കൂടുതൽ വിവരങ്ങൾ അറിഞ്ഞേക്കുമെന്നാണ് പൊലീസ് കരുതുന്നത്. അന്വേഷണ സംഘത്തിലെ ഒരു വിഭാഗം ഉത്തരാഖണ്ഡ് കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്.