അഖിലഭാരത നാരായണീയ പ്രചാര സഭയുടെ “മേൽപ്പത്തൂർ” പുരസ്‌കാരംപെരുവനം കുട്ടന്‍മാരാര്‍ക്ക്
ഗുരുവായൂര്‍: അഖിലഭാരത നാരായണീയ പ്രചാര സഭ, ഗുരുവായൂരപ്പ ഭക്തര്‍ക്ക് അഭയ കേന്ദ്രമായി മമ്മിയൂരില്‍ പടുത്തുയര്‍ത്തുന്ന ശ്രീഗുരുവായൂരപ്പ ശരണാലയ നിര്‍മ്മിതിയുടെ മുന്നോടിയായി ശരണാലയഭൂമിയില്‍ വെള്ളിയാഴ്ച മുതല്‍ മൂന്നുദിവസം ”നാരായണീയ ത്രയാഹം” നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ശ്രീഗുരുവായൂരപ്പന്റെ ഇഷ്ട സ്‌തോത്രങ്ങളില്‍ വളരെ പ്രാധാന്യമേറിയ ശ്രീമന്നാരായണീയം 3-ദിവസംകൊണ്ട് ഉപാസിയ്ക്കുവാന്‍ അഖില ഭാരത നാരായണീയ സത്രസമിതി ഒരുക്കുന്ന ”നാരായണീയ ത്രയാഹം,” രാജേശ്വരി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തപ്പെടും. നാമാര്‍ച്ചന, പ്രഭാഷണം, പാരായണം, മറ്റ് പൂജാകര്‍മ്മങ്ങള്‍ എന്നിവയോടേയാണ് ഗുരുവായൂരപ്പ ഭൂമിയില്‍ ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്. 15.5-സെന്റ് ഭൂമിയില്‍ മൂന്ന് നിലകളിലായി 15000-ചതുരശ്ര വിസ്തീര്‍ണ്ണത്തോടെ 28-മുറികളോടുകൂടി 6-കോടി, 20-ലക്ഷം ചിലവിലാണ് അഖിലഭാരത നാരായണീയ പ്രചാര സഭ, ഗുരുവായൂരില്‍ ഗുരുവായൂരപ്പ ശരണാലയം പടുത്തുയര്‍ത്തുന്നത്.
കൂടാതെ കഴിഞ്ഞ 14-വര്‍ഷമായി നാരായണീയ ദിനത്തില്‍ നല്‍കിവരുന്ന 25,000/-രൂപയും, ഫലകവും, പ്രശസ്തി പത്രവുമടങ്ങുന്ന ”മേല്‍പ്പത്തൂര്‍ പുരസ്‌ക്കാരം,” ഈ വര്‍ഷം വാദ്യകലാരംഗത്തെ കുലപതി പെരുവനം കുട്ടന്‍മാരാര്‍ക്ക് സമ്മാനിയ്ക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 2007-ല്‍ ആരംഭിച്ച അഖിലഭാരത നാരായണീയ പ്രചാര സഭയില്‍ ഇപ്പോള്‍ കേരളത്തില്‍ മാത്രം നാല്‍പ്പതിനായിരം അംഗങ്ങളുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത അഖില ഭാരത നാരായണീയ പ്രചാരസഭ ചീഫ് കോ: ഓഡിനേറ്റര്‍ ദിനേശന്‍ പിള്ള, ജനറല്‍ സെക്രട്ടറി കമലം എസ്. നായര്‍, രാജേന്ദ്രകുമാര്‍, സീത ശങ്കരന്‍കുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.