ബ്രഹ്‌മപുരം പ്ലാന്റ് പ്രവർത്തിച്ചത് അനുമതി ഇല്ലാതെ ,കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്.
കൊച്ചി : കൊച്ചി കോർപ്പറേഷന്‍റെയും ബ്രഹ്മപുരത്തെ കരാറുകൾ ഏറ്റെടുത്ത കമ്പനികളുടെയും വീഴ്ചകൾ വിശദീകരിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോർട്ട് . ഖര മാലിന്യ സംസ്കരണ ചട്ടം 2016 ലെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അനുമതിയില്ലാതെയാണ് ബ്രഹ്മപുരം പ്ലാന്‍റ് പ്രവർത്തിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തീപിടുത്തമുണ്ടായതിന് ശേഷം നടത്തിയ പരിശോധനയുടെ റിപ്പോർട്ട്
വെള്ളിയാഴ്ചയാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ പ്രത്യേക സംഘം ബ്രഹ്മപുരം സന്ദർശിച്ചത്. തീപിടുത്തം നടന്ന സ്ഥലങ്ങളും,ജൈവ മാലിന്യം സംസ്കരിച്ച സ്റ്റാർ കണ്‍സ്ട്രക്ഷൻസിന്‍റെ പ്ലാന്‍റും ബയോമൈനിംഗ് നടത്തുന്ന സോണ്ട ഇൻഫ്രാടെക്കിന്‍റെ പദ്ധതി പ്രദേശങ്ങളും സംഘം പരിശോധിച്ചു. കൊച്ചി കോർപ്പറേഷൻ ബ്രഹ്മപുരത്ത് ഖര മാലിന്യ സംസ്കരണം സംബന്ധിച്ച ചട്ടങ്ങൾ പാലിച്ചില്ല എന്നതാണ് പ്രധാന കണ്ടെത്തൽ.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും പ്ലാന്‍റിന് അംഗീകാരം നൽകിയില്ല. പഴകിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വേർതിരിച്ച് മാറ്റി ഈ ഭൂമി പത്ത് വർഷം മുമ്പത്തെത് പോലെയാക്കും എന്നായിരുന്നു ബയോമൈനിംഗ് കരാർ. എന്നാൽ സോണ്ട ഇൻഫ്രാടെക്കിന്‍റെ പദ്ധതി പ്രദേശത്ത് അത്തരത്തിൽ തിരിച്ചുപിടിച്ച സ്ഥലങ്ങൾ പരിശോധനയിൽ കണ്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. 25 ശതമാനം ബയോമൈനിംഗ് പൂർത്തിയാക്കിയതിന് 11 കോടി രൂപ കൈപറ്റിയിട്ടും എവിടെ പ്ലാസ്റ്റിക്ക് മാലിന്യമുക്ത ഭൂമി? എന്ന ചോദ്യത്തിന് ഉത്തരം നൽകേണ്ടതും കോർപ്പറേഷനും കരാർ കമ്പനിയുമാണ്.
സിപിഎം ബ്രാഞ്ച് സെക്രട്ടറി സക്കീർ ബാബുവിന് പങ്കാളിത്തമുള്ള ജൈവമാലിന്യ സംസ്കരണ കമ്പനി സ്റ്റാർകണ്‍സ്ട്ക്ഷൻസിന്‍റെ പ്ലാന്‍റിനെതിരെയും ഗുരുതരമായ കണ്ടെത്തലുകളാണ്. മാലിന്യ സംസ്കരണത്തിന്‍റെ പേരിൽ നടന്നത് അശാസ്ത്രീയമായ പ്രവർത്തികളാണ്. ജൈവ മാലിന്യം സംസ്കരിച്ച് വളമാക്കുന്നതിനായിരുന്നു കോടികളുടെ കരാർ.
എന്നാൽ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ ജൈവമാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നു. മീഥെയ്ൻ അടക്കം തീപിടുത്ത സാധ്യത ഉയർത്തുന്ന വാതകങ്ങൾ പുറത്തുവരുന്നത് ഈ മാലിന്യങ്ങളിൽ നിന്നുമാണ്.മാലിന്യ കൂമ്പാരങ്ങൾ ഇങ്ങനെ കിടക്കുന്നത് അപകടരമായ സ്ഥിതിയാണെന്നും പരാമർശമുണ്ട്.ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ കെട്ടിടത്തിലും മാലിന്യം സംസ്കരിക്കാതെ കുന്നുകൂട്ടി ഇട്ടിരിക്കുന്നു.കൃത്യമായ ലേഔട്ടോ,പാതയോ,ഡ്രെയിനെജോ അടക്കം ഒരു പ്ലാന്‍റിന് അടിസ്ഥാനപരമായി വേണ്ട സൗകര്യങ്ങൾ പോലുമില്ല.പ്ലാന്‍റിലെ ഇപ്പോഴത്തെ തീയണക്കുന്നതിലെ പ്രവർത്തികളും സംഘം വിലയിരുത്തി.