ഗുരുവായൂർ ക്ഷേത്രത്തിലെ പള്ളിവേട്ട ഭക്തി നിർഭരമായി, ആറാട്ട് ഞായറഴ്ച.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ പള്ളിവേട്ട ഭക്തി നിർഭരമായി ആഘോഷിച്ചു വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ഗ്രാമ പ്രദിക്ഷണം പൂർത്തിയാക്കിയ ഭഗവാൻ കിഴക്കേ ഗോപുരം വഴി അകത്ത് പ്രവേശിച്ച് ഒമ്പതുമണിയോടെ പള്ളിവേട്ടക്കിറങ്ങുകയായിരുന്നുപള്ളിവേട്ടയ്ക്കിറങ്ങുന്ന ഭഗവാനെ കാത്ത് പക്ഷിമൃഗാദികളുടെ വേഷം കെട്ടിയ ഭക്തര്‍ പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു.
പക്ഷിമൃഗാദികളെ പിന്തുടര്‍ന്ന് ഒമ്പത് പ്രദക്ഷിണം പൂര്‍ത്തിയാക്കി ദുഷ്ടമൃഗത്തെ അമ്പെയ്ത് വീഴ്ത്തിയ ഭഗവാന്‍, നാലമ്പലത്തിനകത്തേയ്ക്ക് പള്ളിയുറക്കത്തിനായി പ്രവേശിച്ചു. നമസ്‌ക്കാര മണ്ഡപത്തില്‍ പ്രത്യേകം തയ്യാറാക്കിയ മണി മഞ്ചലിലാണ് ഭഗവാന്റെ പള്ളിയുറക്കം. ഭഗവാന്റെ ഉറക്കത്തിന് വിഘ്‌നം സംഭവിയ്ക്കാതിരിയ്ക്കാന്‍, രാത്രി ക്ഷേത്രത്തിലെ നാഴിക മണി ശബ്ദിച്ചില്ല . പശുകിടാവിന്റെ കരച്ചില്‍ കേട്ടാണ് , ഭഗവാന്‍ രാവിലെ ഉറക്കമുണരുക .
ഞായറാഴ്ച രാവിലെ ഉദ്ദേശം 7-മണിക്ക് ശേഷം മാത്രമേ ക്ഷേത്രത്തിലേക്ക് ഭക്തര്‍ക്ക് ദര്‍ശന സൗകര്യമുണ്ടായിരിക്കുകയുള്ളു. വൈകീട്ട് ദീപാരാധനക്ക് ശേഷം വാദ്യകുലപതികള്‍ പങ്കെടുക്കുന്ന പഞ്ചവാദ്യത്തോടും, ആയുധമേന്തിയ ദേവസ്വം കൃഷ്ണനാട്ടം കളിരിയിലെ കലാകാരന്‍മാരുടെ അകമ്പടിയോടുംകൂടി രാജകീയ പ്രൗഢിയോടെ ഭഗവാന്‍ ഗ്രാമപ്രദക്ഷിണത്തിനിറങ്ങും.
ഗ്രാമപ്രദക്ഷിണത്തിന് ശേഷം ഭഗവതിമാടത്തിലൂടെ ആറാട്ടുകടവില്‍ എത്തുന്ന ഭഗവാന്റെ തങ്കതിടമ്പ്, മഞ്ഞള്‍ അഭിഷേകത്തിന് ശേഷമാണ് രുദ്രതീര്‍ത്തത്തില്‍ ആറാടുക. തുടര്‍ന്ന് ഭഗവാന്റെ ആറാട്ടിന് ശേഷം ഭക്തര്‍ തീര്‍ത്ഥക്കുളത്തില്‍ കുളിച്ച് ആത്മസായൂജ്യം നേടും. പിന്നീട് ക്ഷേത്രത്തിനകത്ത് പിടിയാന പുറമേറിയഭഗവാന്‍, 11-പ്രദക്ഷിണം ഓടി പൂര്‍ത്തിയാക്കും. തുടര്‍ന്ന് ക്ഷേത്രം തന്ത്രിമുഖ്യന്‍ സ്വര്‍ണ്ണകൊടിമരത്തില്‍ കയറ്റിയ സപ്തവര്‍ണ്ണകൊടി ഇറക്കുന്നതോടെ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് പരിസമാപ്തിയാകും.