ഗോവിന്ദൻ നിയമനടപടിക്ക്, പുതിയ വിജയൻ’ കേസിനുണ്ടോ? : ചോദ്യങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചും ചോദ്യങ്ങൾ ഉന്നയിച്ചും യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. സ്വപ്നയുടെ ആരോപണങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയെ പരിഹസിച്ച് രാഹുൽ രംഗത്തെത്തിയത്.
സ്വപ്ന സുരേഷ് ഒരു ദിവസം ഒരൊറ്റ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ സ്വപ്നയ്ക്കെതിരെ സി പി എം സെക്രട്ടറി നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരിക്കുന്നുവെന്ന ചൂണ്ടികാട്ടിയ രാഹുൽ, ‘ പുതിയ വിജയൻ ‘ മാനനഷ്ടക്കേസ് കൊടുക്കുന്നില്ലേ എന്ന് ചോദിച്ചു. പിണറായി വിജയൻ മാനനഷ്ടക്കേസ് കൊടുക്കാറില്ല എന്ന് വാദം നിലനിൽക്കില്ലെന്നും രാഹുൽ, ‘ പഴയ വിജയൻ’ ജസ്റ്റിസ് സുകുമാരൻ നടത്തിയ പരാമർശത്തിന്റെ പേരിൽ മാനനഷ്ടക്കേസ് കൊടുത്തുള്ളത് ചൂണ്ടികാട്ടി പറഞ്ഞു. അപ്പോൾ ‘പുതിയ വിജയനാണോ’ മാനം നഷ്ടമായാലും കേസ് കൊടുക്കാത്തതെന്നും യൂത്ത് കോൺഗ്രസ് നേതാവ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ഒപ്പം ഏഴ് ചോദ്യങ്ങളും രാഹുൽ ഉന്നയിച്ചിട്ടുണ്ട്
രാഹുൽ മാങ്കൂട്ടത്തിന്റെ കുറിപ്പ് കാണാം
സ്വപ്ന സുരേഷ് ഒരു ദിവസം ഒരൊറ്റ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ സ്വപ്നയ്ക്കെതിരെ CPM സെക്രട്ടറി MV ഗോവിന്ദൻ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരിക്കുന്നു.
സ്വപ്നയുടെ ഒരൊറ്റ ദിവസത്തെ ആരോപണത്തിനെതിരെ ഏതോ ഒരു വിജീഷ് പിള്ള നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരിക്കുന്നു…
ഈ രണ്ട് വാർത്ത കണ്ട ഒരു പൗരൻ എന്ന നിലയിൽ ചില സംശയങ്ങൾ ചോദിക്കട്ടെ.
1) പല തവണയായി ഇത്രയേറെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ. ‘ പുതിയ വിജയൻ ‘ എന്തു കൊണ്ട് മാനനഷ്ടക്കേസ് സ്വപ്ന യ്ക്കെതിരെ കൊടുക്കുന്നില്ല?
2) പിണറായി വിജയൻ മാനനഷ്ടക്കേസ് കൊടുക്കാറില്ല എന്ന് വാദം നിലനില്ക്കില്ല, കാരണം CPM സെക്രട്ടറിയായിരുന്ന ‘ പഴയ വിജയൻ’ ജസ്റ്റിസ് സുകുമാരൻ നടത്തിയ പരാമർശത്തിന്റെ പേരിൽ മുൻപ് മാനനഷ്ടക്കേസ് കൊടുത്തിട്ടുണ്ട്. അപ്പോൾ ‘പുതിയ വിജയനാണോ’ മാനം നഷ്ടമായാലും കേസ് കൊടുക്കാത്തത്?
3) ശ്രീ ‘ പുതിയ വിജയൻ ‘ മാനനഷ്ടക്കേസ് കൊടുക്കാറില്ല എന്ന പോളിസി ഉണ്ടെങ്കിൽ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ കുടുംബം കേസ് കൊടുക്കാത്തത് ?
4) സ്വപ്നയുടെ വാക്കിന് ആരു വിലകൊടുക്കുന്നുവെന്ന് മറുപടി പറഞ്ഞാൽ , പിന്നെ എന്തിനാണ് സ്വപ്നയുടെ ആരോപണത്തിന്റെ പേരിൽ ADGP MR അജിത് കുമാറിന് വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത്?
5) ഷാജ് കിരണിനെതിരായ അന്വേഷണം എവിടെ വരെയായി?
6) മുഖ്യമന്ത്രി മാനനഷ്ടക്കേസ് കൊടുക്കാത്തതിനെയും, പാർട്ടി സെക്രട്ടറി കേസ് കൊടുക്കുന്നതിനെയും ബാലൻസ് ചെയ്തുള്ള ലോജിക്കലായ ന്യായീകരണം CPM തയ്യാറാക്കിയോ?
7) സ്വപ്ന ഫ്രോഡാണെന്ന് നിങ്ങൾ പറയുമ്പോൾ , ഫ്രോഡിന് ക്രമവിരുദ്ധമായി ജോലി കൊടുത്ത ശിവശങ്കരനെ ഇപ്പോഴും വിശ്വസിക്കുന്ന പിണറായിയെ എന്ത് വിളിക്കും നിങ്ങൾ ?<