എം ശിവശങ്കറിന്റെ അറസ്റ്റ് , സംസ്ഥാന സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള നീക്കമാണോ എന്ന് സംശയം : അനിൽ അക്കര
തൃശൂർ : ലൈഫ് മിഷൻ കോഴക്കേസിൽ എം.ശിവശങ്കറിന്റെ അറസ്റ്റിന് പിന്നിൽ സംസ്ഥാന സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള നീക്കമാണോ അന്വേഷണ ഏജൻസികൾ വഴി കേന്ദ്രം നടത്തുന്നതെന്ന് സംശയിക്കുന്നുവെന്ന് ലൈഫ് മിഷൻ കോഴക്കേസിലെ പരാതിക്കാരനും മുൻ എംഎൽഎയുമായ അനിൽ അക്കര. ‘കേസ് ഇ.ഡി അന്വേഷിക്കുമ്പോഴാണ് കരമന ആക്സിസ് ബാങ്കിൽ നിന്ന് മാറിയ നോട്ടുകൾ അവരുടെ ലോക്കറിൽ നിന്ന് കണ്ടെത്തുന്നത്.
അന്ന് തന്നെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു. പക്ഷേ, ഇഡി അന്ന് ഒരു തിടുക്കവും കാട്ടിയില്ല. പിന്നീട് സി.ബി.ഐക്ക് പെറ്റിഷൻ കൊടുത്തതിന് ശേഷമാണ് നടപടിയുണ്ടായത്. കേസുമായി ബന്ധപ്പെട്ട് വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ശക്തമായ സംശയമുണ്ട്. സംസ്ഥാന ഗവർൺമെന്റ്, വിജിലൻസ് അടക്കം നിലവിൽ മൂന്ന് കേസാണുള്ളത്. കേസ് അട്ടിമറിക്കാനുണ്ടാക്കിയ സമാന്തരമായ അന്വേഷണ സംഘമാണിത്. തെളിവുകൾ എങ്ങനെയൊക്കെ നശിപ്പിക്കാമെന്നതിനെ കുറിച്ചാണ് അന്വേഷണം നടന്നത്.
സി.ബി.ഐയുടെ മുന്നിലുള്ള കേസ് എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് അന്വേഷിക്കാവുന്നതാണ്. സുപ്രിംകോടതി പോലും സി.ബി.ഐക്ക് തടസം നിൽക്കുന്നില്ല. എങ്കിലും, എന്തുകൊണ്ട് സി.ബി.ഐ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നില്ല? കേസ് വളച്ചൊടിക്കുന്ന രീതിയിലേക്ക് കേന്ദ്രസർക്കാറും അന്വേഷണസംഘവും കൊണ്ടുപോകുന്നുവെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. ഒരു ബ്ലാക്ക് മെയിലിലേക്ക് സംസ്ഥാന ഗവൺമെന്റിനെ കൊണ്ടുവരാൻ ശ്രമിക്കുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
കേസ് ഇപ്പോൾ സുപ്രിംകോടതിയിൽ എത്തിനിൽക്കുകയാണ്. ഐപിസി, ഫോറിൻ റെഗുലേഷൻ ആക്‌ട് എന്നിവ അനുസരിച്ചും അഴിമതി നിരോധന നിയമം അനുസരിച്ചും അന്വേഷിക്കാൻ കഴിയുന്ന കേസാണിത്. മാത്രമല്ല, കേസിന്റെ അതിർത്തി രാജ്യത്തിന് പുറത്താണ്. യുഎഇ, ഈജിപ്‌ത് അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്‌ത് കൊണ്ടുവരേണ്ടതുണ്ട്. ഇതിനെല്ലാം സംവിധാനമുള്ള സി.ബി.ഐ ഇഡിയെ വെച്ച് ശിവശങ്കറിനെ അറസ്റ്റ് ചെയ്യിച്ചു എന്നത് സന്തോഷമുള്ള കാര്യമാണെങ്കിലും ഈ അറസ്റ്റിനെ ഭയപ്പെടുകയും ചെയ്യുന്നു.
സ്വപ്‌ന, സന്ദീപ്, സന്തോഷ് ഈപ്പൻ, ഒഫീഷ്യൽസ് ഓഫ് ലൈഫ് മിഷൻ എന്ന എഫ്.ഐ.ആർ നിലനിൽക്കുകയാണ്. ഈ ഒഫീഷ്യൽസിൽ മുഖ്യമന്ത്രി അടക്കമുള്ള ഉന്നതർ ഉൾപ്പെടും. സുപ്രിംകോടതിയുടെ നിരീക്ഷണത്തിൽ നിൽക്കുന്ന ഇങ്ങനെയൊരു കേസിൽ നിസാരമായ കള്ളപ്പണം വെളുപ്പിക്കൽ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്‌തത് എന്നത് ആശങ്കയാണ്. ഏറ്റവും ശക്തമായി ഇടപെടാൻ കഴിയുന്ന സി.ബി.ഐ അനങ്ങാതെ നിൽക്കുമ്പോൾ ഇഡി അറസ്റ്റ് നടപടികളിലേക്ക് കടക്കുമ്പോൾ കേസിലെ മറ്റ് പ്രതികൾ രക്ഷപെട്ടുനിൽക്കുന്ന സാഹചര്യമാണ് നമ്മുടെ മുന്നിലുള്ളത്. അതുകൊണ്ടാണ് സംസ്ഥാന സർക്കാറിനെ ബ്ലാക്ക് മെയിൽ ചെയ്യുകയാണോ എന്ന സംശയത്തിന് പ്രസക്‌തിയെന്ന് അനിൽ അക്കര പറഞ്ഞു.