തിരുനാവായ പാത , ദൃശ്യയുടെ ഭീമ ഹർജി കേന്ദ്ര റെയിൽവേ മന്ത്രിക്ക് സമർപ്പിച്ചു
ന്യൂ ഡെൽഹി : ഗുരുവായൂരിൽ നിന്നും വടക്കോട്ട് തിരുനാവായ റെയിൽവേ പാത നിർമ്മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ദൃശ്യ ഗുരുവായൂരിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഭീമ ഹർജി ഇന്ന് ഡൽഹിയിൽ വച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് സമർപ്പിച്ചു.
റെയിൽവേ യാത്രക്കാരുടെയും തീർത്ഥാടകരുടെയും ദീർഘകാലത്തെ ആവശ്യമായ മേൽ റെയിൽവേ പാത നിർമ്മാണം ഏറെക്കാലമായി സ്തംഭനാവസ്ഥയിലാണ്. ഈ പദ്ധതി നിർമ്മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ദൃശ്യയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആഗസ്റ്റ് 15 ന് ഭീമ ഹർജി തയ്യാറാക്കുകയുണ്ടായി. വിഷയം സംബന്ധിച്ച നിവേദനങ്ങൾ കേരള റെയിൽവേ മന്ത്രി വി.അബ്ദുറഹ്മാൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, തൃശൂർ എം.പി ടി.എൻ പ്രതാപൻ, എൻ.കെ.അക്ബർ എം എൽ എ , കുമ്മനം രാജശേഖരൻ, മെട്രൊമാൻ ഇ. ശ്രീധരൻ എന്നിവർക്ക് നൽകിയിരുന്നു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ്റെ സഹകരണത്തോടെ ദൃശ്യക്ക് വേണ്ടി ശ്രീകുമാർ ഇഴുവപ്പാടി, എൻ.എസ് നാരായണൻ, വേണുഗോപാൽ കുന്നത്ത് എന്നിവരാണ് റെയിൽവേ മന്ത്രിക്ക് ഭീമ ഹർജി സമർപ്പിച്ചത്. കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി.മുരളീധരൻ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് കേന്ദ്ര റെയിൽവേ മന്ത്രിയെ ധരിപ്പിച്ചു. പദ്ധതി അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി നിവേദകസംഘത്തെ അറിയിച്ചു