തളിപ്പറമ്പിലെ അധ്യാപകനെതിരെ രജിസ്റ്റർ ചെയ്തത് 27 പോക്സോ കേസുകൾ
തളിപ്പറമ്പ്: വിദ്യാർഥിനികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിയായ അധ്യാപകനെതിരെ ഒരു പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 27 ആയി.തളിപ്പറമ്പ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ മലപ്പുറം കൊണ്ടോട്ടി ചെറിയൻ മാക്കൻ ഫൈസലിനെതിരെയാണ് തിങ്കളാഴ്ച ഒരു പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്തത്. ഫൈസൽ ഇപ്പോൾ റിമാൻഡിലാണ്.
തിങ്കളാഴ്ച പ്രതിക്കുവേണ്ടി കസ്റ്റഡി അപേക്ഷ നൽകുമെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. ഒരു പരാതി കൂടി വന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ചൊവ്വാഴ്ച കസ്റ്റഡി അപേക്ഷ നൽകും. തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി. ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം നടത്തുന്നത്. ക്ലാസെടുക്കുന്നതിനിടയിൽ നിരന്തരം കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി . കൗൺസലിങ്ങിൽ വിദ്യാർഥികൾ വിവരം പറഞ്ഞതിനെ തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം നൽകുകയായിരുന്നു. ചൈൽഡ്ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.