നേപ്പാളിൽ വിമാനം തകർന്നു , 4 ഇന്ത്യക്കാരടക്കം 68 യാത്രികർ , 40 മൃതദേഹം കണ്ടെത്തി
കാഠ്മണ്ഡു∙ നേപ്പാളില്‍ അഞ്ച് ഇന്ത്യക്കാർ അടക്കം 68 പേരുമായി പറന്ന യാത്രാ വിമാനം തകർന്നു വീണു . 40 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ ഉള്ളത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 10.33നാണ് യതി എയർലൈൻസിന്റെ 9എൻ– എഎൻസി എടിആർ–72 വിമാനം കാഠ്മണ്ഡു വിമാനത്താവളത്തിൽനിന്നു പറന്നുയർന്നത്. പൊഖാറ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു 10 സെക്കൻഡ് മാത്രം ബാക്കിനിൽക്കെയാണ് ദുരന്തമുണ്ടായതെന്ന് എയർ ട്രാഫിക് കൺട്രോൾ അധികൃതർ പറഞ്ഞു. ആകാശത്തുവച്ച് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം വലിയ ശബ്ദത്തോടെ താഴേക്കു പതിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു.
കാലാവസ്ഥ പ്രതികൂലമായിരുന്നില്ല, സാങ്കേതിക തകരാറു മൂലമാണ് വിമാനം തകർന്നതെന്നാണ് പ്രാഥമിക വിവരം. അകാശത്തുവച്ചുതന്നെ വിമാനത്തിനു തീപിടിച്ചതായി വിവരമുണ്ട്.’’– എയർ ട്രാഫിക് കൺട്രോൾ അധികൃതർ പറഞ്ഞു. പൊഖാറ വിമാനത്താവളത്തിൽ കിഴക്ക്-പടിഞ്ഞാറ് ദിശയിലാണ് റൺവേ നിർമിച്ചിരിക്കുന്നത്. ആദ്യം പൈലറ്റ് കിഴക്ക് ദിശയിൽ ലാൻഡിങ് ആവശ്യപ്പെടുകയും അനുമതി നൽകുകയും ചെയ്തു. പിന്നീട് പടിഞ്ഞാറൻ ദിശയിൽ ഇറങ്ങാൻ അനുമതി ചോദിച്ചതോടെ വീണ്ടും അനുമതി നൽകി. എന്നാൽ ലാൻഡിങ്ങിന് പത്തു സെക്കൻഡ് മുൻപ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.
പൊഖാറയിലെ പഴയ ആഭ്യന്തര വിമാനത്താവളത്തിനും പുതിയ രാജ്യാന്തര വിമാനത്താവളത്തിനും ഇടയിൽ, സേതി നദിക്കു സമീപമുള്ള മലയിടുക്കിലേക്കാണ് വിമാനം തകർന്നുവീണത്. കെ.സി.കമൽ, അഞ്ജു ഖതിവാഡ എന്നീ മുതിർന്ന പൈലറ്റുമാരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. ഈ മാസം ഒന്നിനാണ് പൊഖാറയിലെ പുതിയ രാജ്യാന്തര വിമാനത്താവളം തുറന്നത്. ചൈനയുടെ സഹായത്തോടെയാണ് വിമാനത്താവളം നിർമിച്ചത്.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനാൽ വിമാനത്താവളം തൽക്കാലം അടച്ചിട്ടിരിക്കുകയാണ്. അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 68 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ മൂന്നു നവജാത ശിശുക്കളും മൂന്നു കുട്ടികളും ഉൾപ്പെടുന്നു. ഇതു കൂടാതെ നാല് ക്രൂ അംഗങ്ങളുമുണ്ടായിരുന്നു. ഇന്ത്യക്കാരുടെ തൽസ്ഥിതി സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. ആകെ 15 വിദേശികളാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. റഷ്യ–4, അയർലൻഡ്–1, ദക്ഷിണ കൊറിയ– 2, ഒാസ്ട്രേലിയ–1, ഫ്രാൻസ്–1, അർജന്റീന–1 എന്നിങ്ങനെയാണ് മറ്റു വിദേശയാത്രക്കാരുടെ കണക്ക്.
നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലും ആഭ്യന്തര മന്ത്രി റാബി ലാമിച്ചനെയും കാഠ്‍മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രക്ഷാപ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കാൻ നേപ്പാൾ സർക്കാർ അഞ്ചംഗ അന്വേഷണ കമ്മിഷനെ നിയമിച്ചു
40 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ ഉള്ളത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല.