എൽ ഐ സി ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്നും 95 പവൻ സ്വർണം കവർച്ച ചെയ്ത പ്രതി അറസ്റ്റിൽ
കുന്നംകുളം : എൽ ഐ സി ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്നും 95 പവന്‍ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ പ്രതി അറസ്റ്റിലായി. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ഇസ്മയി 30 ലാണ് അറസ്റ്റിലായത്. ഒഴിഞ്ഞ വീട് കണ്ടെത്തി മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ഡിസംബര്‍ 2 ന് ജയിലില്‍ നിന്നിറങ്ങി ഒരു മാസം തികയുന്നതിനു മുമ്പാണ് കുന്നംകുളം ശാസ്ത്രിജി നഗറിലെ വീട്ടില്‍ നിന്നും 95 പവന്‍ മോഷ്ടിച്ചത്.
ഇതില്‍ 80 പവന്‍ പ്രതിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. സമാനമായ ആറ് കേസുകളില്‍ പ്രതിയാണ് ഇസ്മയില്‍. 10 ദിവസത്തെ അന്വേഷണം വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് സിറ്റി പോലീസ് കമ്മീഷ്ണര്‍ അങ്കിത് അശോക് പറഞ്ഞു. കുന്നംകുളം തൃശ്ശൂര്‍ റോഡില്‍ ശാസ്ത്രിജി നഗറില്‍ താമസിക്കുന്ന എല്‍ഐസി ഓഫീസ് ഉദ്യോഗസ്ഥയായ ദേവിയുടെ വീട്ടില്‍ നിന്നാണ് രണ്ടാഴ്ച മുന്‍പ് 95 പവന്‍ സ്വര്‍ണം മോഷണം പോയത്. ഞായറാഴ്ച രാവിലെ വീട് പൂട്ടിയ ശേഷം ഇവര്‍ ഒരു കല്യാണത്തിന് പോയിരിക്കുകയായിരുന്നു.
. തിരിച്ചെത്തിയപ്പോഴാണ് മുകളിലത്തെ നിലയിലെ വാതില്‍ പൊളിച്ച് അകത്ത് കടന്ന് അലമാരികള്‍ മുഴുവന്‍ കുത്തി തുറന്ന നിലയിലും ഉള്ളില്‍ അലമാരിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണം നഷ്ടപ്പെട്ട നിലയിലും കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. കുന്നംകുളം സ്റ്റേഷന്‍ ഓഫീസര്‍ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. പ്രദേശത്തെ നിരവധി സിസിടിവി ക്യാമറകളും ഫോണ്‍ കോളുകളും കേന്ദ്രീകരിച്ചുള്ള അന്വഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.