പുതുവർഷ ദിനത്തിൽ 101 ഉണ്ണിക്കണ്ണന്മാരുമായി ജസ്‌ന സലീം ഗുരുവായൂരിൽ
ഗുരുവായൂർ :പുതുവർഷ ദിനത്തിൽ ഉണ്ണിക്കണ്ണന് സമ്മാനവുമായി ജസ്ന ഗുരുവായൂരില്‍ എത്തി. കൊയിലാണ്ടി സ്വദേശിനി ജസ്‌ന സലീം വരച്ച 101 ഉണ്ണിക്കണ്ണന്റെ ചിത്രങ്ങള്‍ ഗുരുവായൂരപ്പന് സമര്‍പ്പിച്ചു. കഴിഞ്ഞ എട്ട് വര്‍ഷമായി അഷ്ടിമിരോഹിണിക്കും വിഷുവിനും കണ്ണന്റെ ചിത്രങ്ങള്‍ ജസ്ന വരച്ച് സമര്‍പ്പിക്കാറുണ്ട്.
വരയിലേറെ മിടുക്കിയാണെങ്കിലും ഉണ്ണിക്കണ്ണന്റെ ചിത്രങ്ങള്‍ മാത്രമേ ജസ്ന വരക്കാറുള്ളൂ. ഒന്നരയടി മുതല്‍ അഞ്ചടിവരെ വലുപ്പങ്ങളിലുള്ള 101 ചിത്രങ്ങളാണ് ഇന്ന് ഗുരുവായൂരപ്പന് ജെസ്ന സമര്‍പ്പിച്ചത്.
‘അക്രിലിക് ഷീറ്റില്‍ ഫാബ്രിക് പെയിന്റ് ഉപയോഗിച്ച് നാല് മാസമെടുത്താണ് വര പൂര്‍ത്തീകരിച്ചത്. ഗുരുവായൂരിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയുമധികം ചിത്രങ്ങള്‍ വരച്ച് സമര്‍പ്പിക്കുന്നത്. ഈ നിമിഷത്തില്‍ ജീവിതത്തിലെ വലിയൊരു സ്പനമാണ് സാധ്യമായിരിക്കുന്നത്’ ജസ്‌ന പറഞ്ഞു.
ദേവസ്വം ഓഫീസിലെത്തിച്ച ചിത്രങ്ങള്‍ പിന്നീട് ദേവസ്വം വാഹനത്തിലാണ് ക്ഷേത്രത്തിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന്, രാവിലെ ഒമ്പതോടെ കിഴക്കേനടയില്‍ ചിത്രങ്ങള്‍ സമര്‍പ്പിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ ചേര്‍ന്ന് ചിത്രങ്ങള്‍ ഏറ്റുവാങ്ങി. കിഴക്കേനടയില്‍ ക്ഷേത്രത്തിന് പുറത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങള്‍ ദേവസ്വം ലേലം ചെയ്യും. ചിത്രം വരയ്ക്കാനാറിയില്ലെങ്കിലും കൗതുകത്തിന് ലഡു തിന്നുന്ന കണ്ണന്റെ ചിത്രം വരച്ചാണ് ജസ്‌ന വര തുടങ്ങുന്നത്. ഏഴ് വര്‍ഷത്തോളമായി വെണ്ണകട്ട് തിന്നുന്ന ഉണ്ണിക്കണ്ണനെ മാത്രമാണ് ജസ്‌ന വരയക്കാറ്. ഗുരുവായൂരപ്പനോടുള്ള ഇഷ്ടത്താല്‍ ചിത്രംവര തുടരാന്‍ തന്നെയാണ് ജസ്നയുടെ തീരുമാനവും.
നാല് മാസം കൊണ്ടാണ് ജസ്ന 101 ചിത്രങ്ങള്‍ വരച്ചെടുത്തത്. ഒരാള്‍ പൊക്കത്തിലുള്ള ചിത്രങ്ങള്‍ക്കുള്‍പ്പടെ നാലു ലക്ഷം രൂപയാണ് മുഴുവന്‍ ചിലവ്. ഇതിനായി പലരും ജസ്നയെ സഹായിച്ചു. ജസ്നയുടെ സ്വപ്നത്തിന് ഭര്‍ത്താവ് പിന്തുണച്ചെങ്കിലും ബന്ധുക്കളിലും സമുദായത്തിലുമുള്ള ചിലര്‍ എതിരായിരുന്നു. എന്നാല്‍, സമുദായത്തിലുള്ള മറ്റുചിലര്‍ ആഗ്രഹം സഫലമാക്കാന്‍ ധനസഹായവും നല്‍കി. പ്രമുഖ വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ ഗോകുലം ഗോപാലനും ജസ്നയെ സാമ്ബത്തികമായി സഹായിച്ചു.