Above Pot

300 കോടി രൂപ വരുന്ന മയക്കുമരുന്നും ആയുധങ്ങളുമായി പാക് ബോട്ട് പിടിയിൽ

അഹമ്മദാബാദ് : ഗുജറാത്ത് തീരത്തിനടുത്ത് ആയുധങ്ങളുമായി എത്തിയ പാകിസ്ഥാന്‍ മത്സ്യബന്ധനബോട്ട് പിടിയിലായി. ‘അല്‍ സഹോലി’ എന്ന ബോട്ടാണ് പിടിച്ചെടുത്തത്. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും സംയുക്തമായി ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ബോട്ട് പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന പത്ത് പേരെ അറസ്റ്റ് ചെയ്തു.

300 കോടി രൂപ വരുന്ന 40 കിലോ ലഹരിമരുന്നും ആറ് പിസ്റ്റളും 120 വെടിയുണ്ടകളും ബോട്ടിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട് പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നാണ് ബോട്ട് എത്തിയതെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരം. പ്രതിരോധ വൃത്തങ്ങളാണ് ഈ കാര്യം അറിയിച്ചത്. ബോട്ടും കസ്റ്റഡിയില്‍ ആയവരേയും ഒഖ തുറമുഖത്തേക്ക് കൂടുതല്‍ പരിശോധനയ്ക്കായി കൊണ്ട്‌പോയി.

കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തുന്ന ഏഴാമത്തെ ഓപ്പറേഷനാണിത്. ലഹരി മരുന്നിനെ കൂടാതെ ആയുധങ്ങള്‍ ലഭിക്കുന്നത് ഇതാദ്യമായാണ് എന്നാണ് കോസ്റ്റ് ഗാര്‍ഡ് പറയുന്നത്. കഴിഞ്ഞ 18 മാസത്തിനിടെ 1,930 കോടി രൂപ വിലമതിക്കുന്ന 346 കിലോഗ്രാം ഹെറോയിന്‍ പിടികൂടിയതായും 44 പാകിസ്ഥാന്‍, ഏഴ് ഇറാനിയന്‍ പൗരന്മാരെ പിടികൂടിയതായും ഗാര്‍ഡ് വ്യക്തമാക്കി.