കരുവന്നൂർ ബാങ്ക് തട്ടിപ്പ്, അഞ്ച് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ കോടതി .
തൃശൂര്‍ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അഞ്ച് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു. പ്രധാന പ്രതികളായ ബിജു കരീം, ജിൽസ്, ബിജോയ് എന്നിവരുൾപ്പടെയുള്ള പ്രതികളുടെ 52 സർവേ നമ്പരുകളിലുള്ള ഭൂമിയാണ് കണ്ടുകെട്ടുക. അതിനിടെ, കളക്ഷൻ ഏജന്റ് ബിജോയിയുടെ 30 കോടിയുടെ സ്വത്ത് ഇഡിയും കണ്ടുകെട്ടി.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇഡിയുടെയും ക്രൈംബ്രാഞ്ചിന്റെയും സുപ്രധാന നീക്കം. പ്രധാന പ്രതികളുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നൽകിയ അപേക്ഷയിലാണ് മുഖ്യപ്രതികളുടെ 58 ആർ സി നമ്പരുകളിലുള്ള ഭൂമി കണ്ടുകെട്ടാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടത്. ബാങ്കിൽ തട്ടിപ്പ് നടന്ന 2011 മുതൽ 2021 വരെയുള്ള കാലത്ത് സമ്പാദിച്ച സ്വത്തുക്കളാണ് കണ്ടുകെട്ടുക. അതിൽ ബിജോയി പീരുമേട്ടിൽ ഹോട്ടലിനായി വാങ്ങിയ ഒമ്പതേക്കറും ഉൾപെടും.
ബിജു കരീം, ജിൽസ്, ബിജോയ് എന്നിവർ തൃശൂർ, ഇരിങ്ങാലക്കുട, ചാലക്കുടി, മതിലകം, അന്തിക്കാട്, കല്ലേറ്റിൻകര എന്നിവിടങ്ങളിൽ വാങ്ങിയ വസ്തുവകകളും കണ്ടുകെട്ടിയവയിലുണ്ട്. പ്രതികൾ 117 കോടിയുടെ വ്യാജ വായ്പ തരപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. അതിൽ 85 കോടിയും ബിജു, ജിൽസ്, ബിജോയ് എന്നിവരുടെ നേതൃത്വത്തിൽ നൽകിയ വായ്പകളാണ്. ഒന്നാം പ്രതി സുനിൽ കുമാറിന്റെ പേരിൽ പരാതിക്കാലത്ത് സ്വത്ത് സമ്പാദനം നടന്നിട്ടില്ലാത്തതിനാൽ കണ്ടുകെട്ടൽ നടപടിയിൽ ഉൾപ്പെടുത്തിയില്ല. അതിനിടെ ഇഡിയും കണ്ടുകെട്ടൽ നടപടികളിലേക്ക് കടന്നു.
30.70 കോടിയുടെ സ്വത്താണ് ഇ.ഡി. കണ്ടുകെട്ടിയത്. ബിജോയിയുടെ നേതൃത്വത്തിൽ 26.60 കോടി രൂപ വായ്പ നൽകിയെന്ന് ഇ ഡി കണ്ടെത്തി. കരുവന്നൂർ കേസിൽ രണ്ട് തവണയാണ് ഇഡി പ്രതികളുടെ വീട്ടിലും ബാങ്കിലും പരിശോധന നടത്തിയത്. തുടർന്നാണ് സ്വത്ത് കണ്ടുകെട്ടാനുള്ള നടപടി. സി പി എം നിയന്ത്രണത്തിലുള്ള കരുവന്നൂർ ബാങ്കിൽ 300 കോടിയിലേറെ തട്ടിപ്പ് നടന്നെന്നാണ് ഉയർന്ന ആരോപണം.