ഗുരുവായൂർ കേശവൻ്റെ ഓർമ്മദിനം നാളെ: “കേശവീയം’ ചുമർചിത്ര മതിൽ മിഴി തുറക്കും
ഗുരുവായൂർ : ഗജരാജൻ ഗുരുവായൂർ കേശവൻ്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചുമർചിത്ര മതിൽ “കേശവീയം ” നാളെ ഭക്തർക്ക് സമർപ്പിക്കും. ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം ആഭിമുഖ്യത്തിലാണ് കേശവീയം ചുമർചിത്ര മതിൽ ഒരുക്കിയത്. ഏകാദശിയുടെ ഭാഗമായി നാളെ നടക്കുന്ന കേശവൻ അനുസ്മരണ ചടങ്ങിനു ശേഷമാകും കേശവീയം ചിത്ര ചുമരിൻ്റെ നേത്രോന്മീലനം.. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയനും ഭരണ സമിതി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരാകും.
പരമ്പരാഗത കേരളീയ ചുമർചിത്ര ശൈലിയിലാണ് കേശവീയം ചുമർചിത്ര മതിൽ ചിത്രീകരിച്ചത്.
കേശവൻ നിലമ്പൂർ കാട്ടിൽ മേഞ്ഞു നടക്കുന്നത്,
വാരികുഴിയിൽ വീഴുന്നത്,
നിലമ്പൂർ കോവിലകത്തു കേശവന് സ്വീകരണം, ഗുരുവായൂർ ഷേത്രത്തിൽ നടയിരുത്തുന്നത്, മാപ്പിള കലാപം, ആനയോട്ടത്തിൽ കേശവൻ വിജയിക്കുന്നത്, മദപാടില്ലുള്ള കേശവൻ, തടി പിടിക്കുന്നത്, കുട്ടികൾക്ക് മുമ്പിൽ കേശവൻ വഴി മാറുന്നത്, കേശവൻ ചെരിഞ്ഞു ഭഗവാനിൽ ലയിക്കുന്നത് തുടങ്ങിയ ജീവിത രംഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്.
50 അടി നീളവും 40 അടി ഉയരവുമുള്ള ചുമരിലാണ് ചിത്രീകരണം. അക്രിലിക് നിറങ്ങളിലാണ് വര.
ചുമർച്ചിത്ര പഠനകേന്ദ്രത്തിന്റെ പ്രിൻസിപ്പാൾ കെ. യു. കൃഷ്ണകുമാറിന്റെയും ചീഫ് ഇൻസ്‌ട്രക്ടർ എം. നളിൻബാബുവിന്റെയും നേതൃത്വത്തിൽ പഠനകേന്ദ്രത്തിലെ നാലാം വർഷ വിദ്യാർഥികളായ അഭിനവ്, ഗോവിന്ദദാസ്, രോഹൻ, ആരോമൽ, കാർത്തിക്, അശ്വതി, ശ്രീജ,അമൃത എന്നിവരും രണ്ടാo വർഷ വിദ്യാർഥികളായ കരുൺ, അഭിജിത്,വിഷ്ണു അഖില,ഐശ്വര്യ, കവിത, സ്നേഹ, അപർണ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നടത്തുന്നത്.