മേയറുടെ കത്ത് പുറത്തു വന്നതിന് പിന്നിൽ സിപിഎമ്മിലെ വിഭാഗീയത

Above Post Pazhidam (working)

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ താൽകാലിക നിയമനത്തിന് പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ട കത്ത് പുറത്ത് വന്നതിന് പിന്നിൽ സിപിഎം ജില്ലാ ഘടകത്തിലെ കടുത്ത വിഭാഗീയത. ആനാവൂര്‍ നാഗപ്പന് പകരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പകരം ആളാരെന്ന കിടമത്സരം നടക്കുന്നതിനിടെയാണ് പുതിയ വിവാദം. മേയറുടെ കത്ത് പുറത്ത് വന്നതിന് പിന്നാലെ ആനാവൂരിന്റെ വിശ്വസ്തനായ ഡി.ആര്‍.അനിലിന്റെ കത്തും പുറത്തുവന്നത് വിഭാഗീയയുടെ തെളിവാണ്.

Poonthanam

Vasudev Inn

ആനാവൂര്‍ നാഗപ്പനെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എടുത്തിട്ട് ഒമ്പത് മാസമായി. പകരം ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ ജില്ലാ കമ്മിറ്റി പലതവണ ചേർന്നിട്ടും സമാവായം ഉണ്ടായില്ല. ആനാവൂര്‍ നാഗപ്പനും കടകംപള്ളി സുരേന്ദ്രനും വി.ശിവൻകുട്ടിയും നേതൃത്വം നൽകുന്ന മൂന്ന് പ്രബല ഗ്രൂപ്പുകൾ വ്യത്യസ്ത പേരുകളുമായി നിൽക്കുന്നതാണ് തര്‍ക്കം തുടരാൻ കാരണം. വിവിധ ഗ്രൂപ്പിന്റെ പ്രതിനിധികളായി ജയൻബാബു, കെ.എസ്.സുനിൽകുമാര്‍, വി.ജോയ്, എം.വിജയകുമാര്‍ എന്നിവര്‍ രംഗത്തുണ്ട്. ഇടക്ക് ഈ പ്രശ്നത്തിൽ കോടിയേരി ബാലകൃഷ്ണൻ വരെ നേരിട്ടിടപെടുകയും ചെയ്തിരുന്നു. ജില്ലാ സെക്രട്ടറി ചര്‍ച്ചകൾ ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുന്നതിനിടെയാണ് കോര്‍പ്പറേഷനിലെ കത്ത് വിവാദം.

ആനാവൂര്‍ നാഗപ്പന്റെ വിശ്വസ്തനും നഗരസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ഡി.ആര്‍.അനിൽ, വാര്‍ഡ് കേന്ദ്രീകരിച്ച വാട്സാപ്പ് ഗ്രൂപ്പിലിട്ട മേയറുടെ കത്താണ് ആദ്യം പുറത്തുവന്നത്. പ്രതിരോധത്തിലായ ആനാവൂര്‍, കത്തിന്റെ ആധികാരികത തള്ളാതെ മേയറെ പ്രതിക്കൂട്ടിലാക്കി. തൊട്ടുപിന്നാലെ ഡി.ആര്‍.അനിലിന്റെ സമാനമായ കത്തും പുറത്തുവന്നു. വിവാദത്തെ ഗൗരവമായി തന്നെയാണ് സിപിഎം നേതൃത്വം കാണുന്നത്. നിയമനങ്ങളെല്ലാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കി തൽക്കാലം തടിയൂരാനാണ് നീക്കം. ഗൗരവമായ അന്വേഷണം ഉണ്ടാകും. സര്‍വകലാശാലകളിലെ ബന്ധു നിയമനം അടക്കം വിവാദങ്ങൾ പാര്‍ട്ടിയെ പിന്തുടരുന്നതിനിടെ കോര്‍പ്പറേഷൻ ഭരണസമിതിയെ ആകെ പ്രതിസന്ധിയിലാക്കിയ വിഭാഗീയ നീക്കങ്ങളിൽ വരും ദിവസങ്ങളിൽ നടപടിക്കും സാധ്യതയുണ്ട്.

First Paragraph Jitesh panikar (working)
Rugmani 700-200

അതേസമയം പാർട്ടിപ്രവർത്തകർക്ക് ജോലി നൽകാമെന്ന് പറഞ്ഞ് മേയർ അയച്ച കത്ത് സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു . ഈ സാഹചര്യത്തിൽ മേയർക്ക് ഒരു നിമിഷംപോലും പദവിയിൽ തുടരാൻ അർഹതയില്ല. രാജിവെച്ചു പുറത്ത് പോകണം.

മന്ത്രിയായിരിക്കെ സ്വന്തം ലെറ്റർ പാഡിൽ ഇ പി ജയരാജൻ ബന്ധുനിയമനത്തിന് കത്ത് എഴുതിയതിനു സമാനമായ സംഭവമാണിത്. ഇക്കാര്യത്തിൽ ഇ പി രാജിവെച്ചത് ആരും മറന്നിട്ടില്ല. അതേ സ്വജനപക്ഷപാതമാണ് മേയർ പ്രകടിപ്പിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയർക്ക് ഒരു നിമിഷം തൽസ്ഥാനത്ത് തുടരാൻ അർഹതയില്ല.

രാജിവെച്ച് പുറത്തുപോകണം. നേരത്തെ യഥേഷ്ടം പിൻവാതിൽ നിയമനം നടത്തിയ സി പി എം ഇപ്പോൾ മുൻവാതിൽ തുറന്നിരിക്കുകയാണ്. യാതൊരു ഉളുപ്പുമില്ലാതെ സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നത് പതിവായിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, സഖാക്കള്‍ക്ക് വില്‍പ്പനയ്ക്ക് വയ്ക്കാന്‍ സര്‍ക്കാര്‍ ജോലി കാലിചന്തയിലെ ലേലം വിളിയല്ലെന്ന് സിപിഎം മറക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു.

കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെ അവഹേളിക്കുകയാണ് സിപിഎം. സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സിപിഎമ്മിന്റെ ശുപാര്‍ശ വേണമെന്നത് അപമാനമാണ്. ചട്ടങ്ങളും നിയമങ്ങളും മറികടന്ന് താല്‍ക്കാലിക നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറിയുടെ മുന്‍ഗണനാ പട്ടിക ചോദിച്ച തിരുവനന്തപുരം മേയറുടെ നടപടി നിയമവിരുദ്ധമാണ്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയറെ പുറത്താക്കി നിയമനടപടി സ്വീകരിക്കണം.

ഒരു സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നവുമായി ലക്ഷകണക്കിന് ചെറുപ്പക്കാര്‍ കാത്തിരിക്കുമ്പോള്‍ സഖാക്കള്‍ക്കായി തൊഴില്‍ ദാനം സംഘടിപ്പിക്കുകയാണ് സിപിഎമ്മും അവരുടെ കളിപ്പാവയായ മേയറും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സിപിഎമ്മിന്റെ ഭരണകാലയളവില്‍ നടത്തിയ എല്ലാ നിയമനങ്ങളിലും അന്വേഷണം ആവശ്യമാണെന്നും നോക്കുകുത്തിയായ പിഎസ് സിയെ പിരിച്ചുവിടുന്നതാണ് നല്ലതെന്നും സുധാകരന്‍ പറഞ്ഞു.