ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം മൃദംഗ വിദ്വാൻ തിരുവനന്തപുരം വി.സുരേന്ദ്രന്
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം നൽകുന്ന 2022 ലെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പ്രശസ്ത മൃദംഗ വിദ്വാൻ തിരുവനന്തപുരം വി.സുരേന്ദ്രന് സമ്മാനിക്കും. കർണാടക സംഗീതരംഗത്ത് മൃദംഗവാദനത്തിനു നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം .ശ്രീ ഗുരുവായൂരപ്പൻ്റെ രൂപം ആലേഖനം ചെയ്ത 10 ഗ്രാം സ്വർണ്ണപ്പതക്കം, 50,001 രൂപ, പ്രശസ്തി ഫലകം, പൊന്നാട എന്നിവയടങ്ങുന്നതാണ് പുരസ്കാരം . ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോൽസവത്തിൻ്റെ ഉദ്ഘാടന ദിവസമായ നവംബർ 18ന് പുരസ്കാരം സമ്മാനിക്കും.
ചെയർമാൻ ഡോ. വി.കെ.വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതിയാണ്പുരസ്കാര ജേതാവിനെ തീരുമാനിച്ചത്. പ്രശസ്ത കർണാടക സംഗീതജ്ഞരായ മണ്ണൂർ രാജകുമാരനുണ്ണി, പ്രൊഫ. വൈക്കം വേണുഗോപാൽ, കാലടി കൃഷ്ണയ്യർ എന്നിവരുൾപ്പെട്ട പുരസ്കാര നിർണ്ണയ സമിതിയുടെ ശുപാർശ ദേവസ്വം ഭരണസമിതി അംഗീകരിക്കുകയായിരുന്നു. 2005ലാണ് ദേവസ്വം ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം ആരംഭിച്ചത്. ടി.വി.ഗോപാലകൃഷ്ണനാണ് ( വായ്പാട്ട്) ആദ്യ പുരസ്കാര ജേതാവ്. 18 മത്തെ പുരസ്കാര ജേതാവാണ് തിരുവനന്തപുരം വി.സുരേന്ദ്രൻ. ചെമ്പൈ സംഗീതോൽസവ ഉദ്ഘാടന വേദിയിൽ പുരസ്കാര ജേതാവിൻ്റെ നേതൃത്വത്തിൽ പ്രത്യേക കച്ചേരി അരങ്ങേറും.
തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീതകോളേജിലെ 1959 ലെ ആദ്യ ബാച്ചിൽ ബിരുദം നേടി. കുറച്ചുകാലം അദ്ദേഹം അവിടെ അധ്യാപകനായിരുന്നു. പ്രശസ്ത മൃദംഗവാദകൻ മാവേലിക്കര വേലുക്കുട്ടി നായരുടെ കീഴിൽ നാലുവർഷം മൃദംഗം അഭ്യസിച്ചതിനുശേഷം കേന്ദ്രസർക്കാറിന്റെ സ്‌കോളർഷിപ്പോടെ ഗുരുകുല വിദ്യാഭ്യാസരീതിയിലാണ് അദ്ദേഹം പാലക്കാട് മണി അയ്യരുടെ ശിഷ്യനായി. 1974ൽ കോഴിക്കോട് ആകാശവാണിയിൽ സംഗീതവിഭാഗത്തിൽ സ്റ്റാഫ് ആർട്ടിസ്റ്റായി ജോലിയിൽ പ്രവേശിച്ചു. മുപ്പതു വർഷത്തോളം ആകാശവാണിയിലെ കലാകാരനായിരുന്നു.
കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് 2019,
കലാശിരോമണി പുരസ്‌കാരം,
മധുര സംഗീതസഭയുടെ ലയവാദ്യവിശാരദ്,
കേരള സംഗീതനാടക അക്കാദമി അവാർഡ്,
മദ്രാസ് മ്യൂസിക് അക്കാദമി അവാർഡ്,
നവരസ സംഗീതസഭാ അവാർഡ്,
സംഗീതഭാരത പുരസ്‌കാരം,
മൃദംഗ വാദ്യരത്‌നം അവാർഡ്,
മൃദംഗവിദ്വാൻ പുരസ്‌കാരം (മൃദംഗവിദ്വാൻ ഉമയാൾപുരം ശിവരാമന്റെ പേരിൽ ചെന്നൈ ഇന്ത്യൻ ഫൈൻ ആർട്‌സ് സൊസൈറ്റി ഏർപ്പെടുത്തിയ ) എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.