
ഓമനയ്ക്ക് ആശ്വാസം , ജപ്തി ചെയ്ത വീടിന്റെ താക്കോൽ തിരികെ ലഭിച്ചു

ഗുരുവായൂർ : വായ്പ തിരിച്ചടക്കാത്തതിന്റെ പേരിൽ വീട് ജപ്തി ചെയ്തതോടെ കുടുംബത്തോടെ പെരുവഴിയിലായ തൃശ്ശൂർ മുണ്ടൂർ സ്വദേശി ഓമനയ്ക്ക് വീടിന്റെ താക്കോൽ തിരികെ നൽകി. കോടതി ഉത്തരവിനെ തുടർന്നാണ് ബാങ്ക് അധികൃതർ സീൽ ചെയ്ത വീടിന്റെ താക്കോൽ തിരികെയേൽപ്പിച്ചത്. സർക്കാർ റിസ്ക് ഫണ്ടിൽ നിന്നും എഴുപത്തി അയ്യായിരം രൂപ ഓമനയ്ക്ക് നൽകാനും തീരുമാനമായിട്ടുണ്ട്.നിലവിൽ ബാങ്കിലെ കുടിശ്ശിക അടച്ചു തീർക്കാനായി സാവകാശവും അനുവദിച്ച് നൽകിയിട്ടുണ്ട്.

വായ്‌പയായെടുത്ത ഒന്നരലക്ഷം രൂപ തിരിച്ചടക്കാത്തതിന്റെ പേരിൽ ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് തൃശ്ശൂർ അർബൻ കോഓപ്പറേറ്റീവ് ബാങ്ക് അധികൃതരെത്തി ഓമനയുടെ വീട് ജപ്തി ചെയ്തത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് ജപ്തി നടപടി പൂർത്തിയാക്കിയതോടെ ഓമനയും മക്കളും പെരുവഴിയിലായി. ഇവർ വീടിന് പുറത്ത് നിൽക്കുന്ന വാർത്ത പ്രചരിച്ചതിന് പിന്നാലെ സഹകരണ ജോയിന്റ് രജിസ്ട്രാർ നേരിട്ടെത്തി കുടിയൊഴിപ്പിക്കില്ലെന്ന് ഉറപ്പ് നൽകിയിരുന്നു . എംഎൽഎയുടെയും സഹകരണവകുപ്പ് മന്ത്രിയുടെയും ഇടപെടലിൽ താക്കോൽ തിരികെ ലഭിച്ച നടപടിയിൽ സന്തോഷമുണ്ടെന്നും ബാക്കി കുടിശിക ജോലി ചെയ്ത് തിരിച്ചടയ്ക്കുമെന്നും ഓമന പ്രതികരണമറിയിച്ചു. വായ്പയുടെ കുടിശിക തുകയായി മൂന്ന് ലക്ഷത്തോളം രൂപയാണ് ഓമന തിരികെ അടയ്ക്കാനുള്ളത്
