പഞ്ചവടി ക്ഷേത്രത്തില്‍ അമാവാസി ഉത്സവം 24-ന്, വാവുബലിതര്‍പ്പണം 25-ന്
ചാവക്കാട്: പഞ്ചവടി ശങ്കരനാരായണക്ഷേത്രത്തിലെ അമാവാസി ഉത്സവം 24-നും തുലാമാസത്തിലെ വാവുബലിതര്‍പ്പണം 25-നും നടക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് വാക്കയില്‍ വിശ്വനാഥന്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ഉത്സവദിനമായ തിങ്കളാഴ്ച ക്ഷേത്രത്തില്‍ നടക്കുന്ന വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി അഴകത്ത് ശാസ്തുശര്‍മ്മന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിക്കും. രാവിലെ എട്ടിന് ക്ഷേത്രകമ്മിറ്റിയുടെ എഴുന്നള്ളിപ്പ് അവിയൂര്‍ ചക്കനാത്ത് ഗളൂരിക ദേവിക്ഷേത്രത്തില്‍നിന്ന് പുറപ്പെടും. ഉച്ചതിരിഞ്ഞ് മൂന്നിന് എഴുന്നള്ളിപ്പ് പഞ്ചവടി സെന്ററില്‍നിന്ന് ആരംഭിക്കും. ഗജരാജന്‍ ചെര്‍പ്പുളശ്ശേരി രാജശേഖരന്‍ തിടമ്പേറ്റും.
എഴുന്നള്ളിപ്പിന്റെ ഭാഗമായി നെല്ലുവായ് ശശിയുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം, മണത്തല ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ പാണ്ടിമേളം തുടങ്ങിയ വാദ്യമേളങ്ങളുണ്ടാവും. വടക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് ഉച്ചക്ക് രണ്ടിന് നാലാംകല്ല് വാക്കയില്‍ ശ്രീഭദ്ര ക്ഷേത്രത്തില്‍നിന്നും തെക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് ഉച്ചക്ക് ഒന്നിന് മുട്ടില്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍നിന്നും പുറപ്പെടും. ഇരുവിഭാഗം കമ്മിറ്റികള്‍ക്കും അഞ്ച് വീതം ആനകള്‍ എഴുന്നള്ളിപ്പിനുണ്ടാവും. ക്ഷേത്രകമ്മിറ്റിയുടെയും തെക്ക്,വടക്ക് ഉത്സവാഘോഷകമ്മിറ്റികളുടെയും എഴുന്നള്ളിപ്പുകള്‍ വൈകീട്ട് ആറരയോടെ ക്ഷേത്രത്തിലെത്തി കൂട്ടിയെഴുന്നള്ളിപ്പ് നടത്തും.
വാ കടപ്പുറത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ ബലിതര്‍പ്പണചടങ്ങുകള്‍ ആരംഭിക്കും . കടപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയില്‍ ഒരേ സമയം 1000 പേര്‍ക്ക് ബലിയിടാനുള്ള സൗകര്യമുണ്ടാവും. ക്ഷേത്രം മേല്‍ശാന്തി സുമേഷ്, ശാന്തിമാരായ ഷൈന്‍, സാഗര്‍ എന്നിവര്‍ ബലിയിടല്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. തിലഹവനം, പിതൃസായൂജ്യപൂജ എന്നിവ നടത്താനും സൗകര്യമുണ്ടാവും. ബലിതര്‍പ്പണദിവസം പതിനായിരം പേര്‍ക്കുള്ള സൗജന്യ പ്രഭാതഭക്ഷണമൊരുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വലിയ വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ പ്രത്യേക പാര്‍ക്കിങ് സൗകര്യവും വസ്ത്രങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും സൂക്ഷിക്കുന്നതിനുള്ള ക്ലോക്ക് റൂം സൗകര്യവും ഉണ്ടാവും
ക്ഷേത്രകമ്മിറ്റി സെക്രട്ടറി വിനയദാസ് താമരശ്ശേരി, ട്രഷറര്‍ ദിലീപ് കുമാര്‍ പാലപ്പെട്ടി, വി.രാജന്‍, കെ.എസ്.ബാലന്‍, ഗോപി ഞാലില്‍ എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.