വായ്പക്ക് എസ് ബി ഐ കൂടുതൽ പലിശ ഈടാക്കി , വാങ്ങിയ 75,000 രൂപയും നഷ്ടപരിഹാരവും നല്കണം
തൃശൂർ : ഭവനവായ്പാപലിശ, ബാങ്ക് കൂടുതൽ ഈടാക്കിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ കൂടുതൽ ഈടാക്കിയ തുകയും നഷ്ടവും ചിലവും നൽകുവാനും വിധി. തൃശൂർ ഈസ്റ്റ് ഫോർട്ട് ചിറ്റിലപ്പിള്ളി വീട്ടിൽ സാജു ഡേവിസ് ഫയൽ ചെയ്ത ഹർജിയിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എം ജി റോഡ് ശാഖാ മാനേജർക്കെതിരെയും തൃശൂർ കരുണാകരൻ നമ്പ്യാർ റോഡിലെ റാസ് മെക്ക് അസിസ്റ്റൻറ് ജനറൽ മാനേജർക്കെതിരെയും ഇപ്രകാരം വിധിയായതു്.
ഹർജിക്കാരൻ 7,00,000 രൂപയുടെ ഭവനവായ്പയാണെടുത്തതു്. 7.5% പലിശയാണ് നിശ്ചയിച്ചിരുന്നത്.എന്നാൽ നിയമ വിരുദ്ധമായി പലിശ വർദ്ധിപ്പിച്ച് കൂടുതൽ തുക ഈടാക്കുകയായിരുന്നു.75000 രൂപയായിരുന്നു ഇപ്രകാരം കൂടുതലായി ഈടാക്കിയത്.പരാതിപ്പെട്ടുവെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കൂടുതൽ പലിശ ഈടാക്കുവാൻ അധികാരമുണ്ടെന്ന് ബാങ്ക് വാദമുയർത്തിയെങ്കിലും സാധൂകരിക്കുന്ന രേഖകൾ ഹാജരാക്കുവാനായില്ല.
തെളിവുകൾ പരിഗണിച്ച പ്രസിഡൻ്റ് സി.ടി.സാബു, മെമ്പർ ശ്രീജ.എസ്, ആർ.രാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് എതൃകക്ഷികൾ കൂടുതലായി ഈടാക്കിയ 75000 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 2000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.എ.ഡി. ബെന്നി ഹാജരായി വാദം നടത്തി.