മഞ്ചേരിയിലെ ഗ്രീൻവാലിയിൽ എൻ ഐ എ റെയ്ഡ്
മലപ്പുറം : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ഇടപാടുകളുമായി ബന്ധപ്പെട്ട് മലപ്പുറത്ത് എൻഐഎ റെയ്ഡ്. പോപ്പുലർ ഫ്രണ്ടിന് കീഴിൽ പ്രവർത്തിച്ച മഞ്ചേരിയിലെ ഗ്രീൻവാലിയിലാണ് എൻഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.
സംഘടനയെ നിരോധിച്ചതിന് പിന്നാലെ തീവ്രവാദക്കേസിൽ പ്രതിചേർക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘമാണ് ഇവിടെ പരിശോധനയ്‌ക്കെത്തിയത്. സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണ് പരിശോധിക്കുന്നത്.
രാത്രി എട്ട് മണിയോടെയാണ് എൻഐഎ സംഘം പരിശോധനയ്‌ക്കെത്തിയത്. പിഎഫ്‌ഐയുടെ മലപ്പുറം ജില്ലയിലെ ഒട്ടേറെ സ്ഥാപനങ്ങൾ എൻഐഎ ഉദ്യോഗസ്ഥരെത്തി സീൽ ചെയ്തിരുന്നു. എന്നാൽ സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമായ ഗ്രീൻവാലിക്കെതിരെ നടപടി ആരംഭിച്ചിരുന്നില്ല. എന്നാൽ സംഘടനയെ നിരോധിച്ചതിന് മുൻപ് തന്നെ അന്വേഷണ ഏജൻസികൾ ഗ്രീൻവാലിയെ നിരീക്ഷിച്ചുവരികയായിരുന്നു എന്നാണ് വിവരം.
പരിശോധനയിൽ ഡിജിറ്റൽ രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പോപ്പുലർ ഫ്രണ്ടിലേക്ക് പ്രവർത്തകരെ റിക്രൂട്ട് ചെയ്തതിന്റെ രേഖകളും എൻഐഎ സംഘം പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാന പൊലീസിനെ അറിയിക്കാതെയായിരുന്നു എൻ ഐ എ റെയ്ഡ്