താത്ക്കാലിക ബസ് സ്റ്റാൻഡ് പരിസരം സഞ്ചാരയോഗ്യമാക്കി സേവ് ഗുരുവായൂർ മിഷൻ
ഗുരുവായൂർ : കിഴക്കേ നടയിലെ താത്ക്കാലിക ബസ് സ്റ്റാൻഡ് പരിസരം സഞ്ചാരയോഗ്യമാക്കി സേവ് ഗുരുവായൂർ മിഷൻ വളണ്ടിയേഴ്സ്. റെയിൽവേ മേൽപ്പാല നിർമ്മാണത്തോടനുബന്ധിച്ച് തകർന്നു കിടന്നിരുന്ന നിലവിലെ താത്ക്കാലിക ബസ് സ്റ്റാൻഡ് കാൽനട യാത്രക്കാർക്കും ചെറു വാഹനങ്ങൾക്കും ഉപയോഗിക്കും വിധം സേവ് ഗുരുവായൂർ മിഷൻ അംഗങ്ങൾ സഞ്ചാസഞ്ചാര സൗകര്യമാക്കിയത്.
ഹർത്താൽ ദിവസമായ വെള്ളിയാഴ്ച മേൽപാല നിർമ്മാണ കരാറുകാരുടെ സഹായത്തോടെയാണ് മെറ്റലും യന്ത്രങ്ങളുമുപയോഗിച്ച് പണി നടത്തിയത്. ക്ഷേത്രദർശനത്തിന് എത്തുന്നവരും മറ്റ് പരിസരവാസികളും കാൽനട യാത്രക്കാരും സ്ഥിരമായി നേരിടുന്ന പ്രശ്നമായിരുന്നു വെള്ളക്കെട്ടും ചെളിയും മൂലം ഇതി ലൂടെയുള്ള ദുരിതപൂർവ്വമായ യാത്ര.
ഗുരുവായൂരിലെ 23, 24 വാർഡ് കൗൺസിലർമാരുടെ കൂടി സഹകരണത്തോടെ എസ്. ജി. എം പ്രവർത്തകർ മുന്നിട്ടിറങ്ങിയാണ് പണികൾ പൂർത്തീകരിച്ചത്. നടനും എസ്. ജി. എം ജനറൽ കൺവീനറുമായ ശിവജി ഗുരുവായൂർ, വാർഡ് കൗൺസിലർമാരായ വി കെ സുജിത്, കെ പി എ റഷീദ്, ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സേതു, എസ്. ജി. എം കോഡിനേറ്റർ അജു എം. ജോണി, ഉണ്ണി അലൈഡ്, കെ ബി ജയഘോഷ്, സുനീവ് വി.എസ്, റാഫി.സി.ജെ, ബിജു, ഗിരീഷ്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പണികൾ നടന്നത്.