എൻ ഐ എ റെയ്ഡ്, 25 പി എഫ് ഐ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി , 14 പേർ ഡൽഹിയിലേക്ക്
കൊച്ചി : സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ എൻഐഎ റെയ്ഡിന് പിന്നാലെ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. 25 പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 14 പേരെ ഡൽഹിയിലെ എൻഐഎ ഓഫീസിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. ബാക്കിയുള്ളവരെ കോടതിയിൽ ഹാജരാക്കും. അറസ്റ്റ് ചെയ്തവരുടെ വൈദ്യപരിശോധനയും നടത്തും.
ഒഎംഎ സലാം, അബ്ദുറഹ്മാൻ, പി കോയ, അനീസ് അഹമ്മദ്, അഫ്‌സർ പാഷ, അബ്ദുൽ വാഹിദ്, ജസീർ, ഷഫീർ, അബൂബക്കർ, മുഹമ്മദ് ബഷീർ, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം, അസിഫ് മിർസ, മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിദ് എന്നിവരെ ഡൽഹിയിലേക്ക് കൊണ്ടുപോകും.
കരമന അഷ്‌റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിയാസ്, അൻസാരി, മുജീബ്, നജ്മുദ്ദീൻ, സൈനുദ്ദീൻ, ഉസ്മാൻ, യഹിയ തങ്ങൾ, മുഹമ്മദലി, സുലൈമാൻ എന്നിവരെയാണ് കോടതിയിൽ ഹാജരാക്കുക. പ്രതികളെ കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തിച്ചിട്ടുണ്ട്. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് കേന്ദ്രസേനയേയും പോലീസിനേയും ഓഫീസിന് മുന്നിൽ വിന്യസിച്ചിട്ടുണ്ട്
ഇന്നലെ അർദ്ധ രാത്രി മുതൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി എൻഐഎ റെയ്ഡ് നടത്തുകയായിരുന്നു. കേന്ദ്ര സേനയുടെ സഹായത്തോടെയാണ് അന്വേഷണ ഏജൻസി പരിശോധന നടത്തിയത്. പിന്നാലെ നിരവധി നേതാക്കളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഡൽഹിയിലും കേരളത്തിലുമായി രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി. തീവ്രവാദ ഫണ്ടിംഗ്, പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കൽ, നിരോധിത സംഘടനകളിൽ ചേരാൻ ആളുകളെ റിക്രൂട്ട് ചെയ്യൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.
സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫിസുകളും നേതാക്കളുടെ വീടുകളുമടക്കം 70 ഓളം കേന്ദ്രങ്ങളിലാണ് ഇന്ന് പുലര്‍ച്ചെ റെയ്ഡ് നടന്നത്. സംസ്ഥാനത്ത് ആദ്യമായാണ് എൻഐഎ ഒരേ സമയം ഇത്രയേറെ വ്യാപകമായ തെരച്ചിൽ നടത്തുന്നത്. പുലർച്ചെ 3.30 ഓടെ കേന്ദ്രസേനയെ വിന്യസിച്ചാണ് റെയ്ഡ് തുടങ്ങിയത്. പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒഎംഎ സലാമിനെ മഞ്ചേരിയിലെ വീട്ടിൽ നിന്നും സംസ്ഥാന പ്രസിഡണ്ട് സിപി മുഹമ്മദ് ബഷീറിനെ തിരുനാവായിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ദേശീയ ജനറൽ സെക്രട്ടറി നസറുദ്ദീൻ എളമരത്തെയും കസ്റ്റഡിയിലെടുത്തിരുന്നു., അടൂർ, ഈരാറ്റുപേട്ട വയനാട്, കാസർഗോട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ദ്രുതകർമ്മസേനയെ വിന്യസിച്ചായിരുന്നു പരിശോധന.
കോഴിക്കോട്ടെ ആസ്ഥാന മന്ദിരമടക്കം റെയ്ഡ് ചെയ്തു. രേഖകളും നോട്ടിസുകളും ലാപ് ടോപ്പുകളും കംപ്യൂട്ടറുകളടക്കം പിടിച്ചെടുത്തു. കാസർഗോട്ട് പിഎഫ് ഐ ബന്ധമുള്ള ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്റ്റ് ഓഫിസിലും റെയ്ഡ് നടന്നു. കണ്ണൂരിലും കോഴിക്കോട്ടും മഞ്ചേരിയിലും മാനന്തവാടിയിലും ഈരാറ്റുപേട്ടയിലും മറ്റും പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധിച്ചു. പലയിടത്തും ഗതാഗതം തടസ്സപ്പെടുത്തി. കണ്ണൂരിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ സുപ്രഭാതം പത്രത്തിലെ ഫോട്ടോഗ്രാഫറുടെ തലയ്ക്ക് പരിക്കേറ്റു.
തിരുവനന്തപുരത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ മണക്കാട്ടുള്ള ജില്ലാ കമ്മിറ്റി ഓഫീസിലും പിഎഫ്ഐ നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും എൻഐഎ പരിശോധന നടന്നു. ഓഫീസിന് മുന്നിൽ പ്രവര്‍ത്തകർ പ്രതിഷേധ മുദാവാക്യം വിളിച്ചു. ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ തടയാനും ശ്രമമുണ്ടായി. നാല് മൊബൈലുകളും മൂന്ന് ബുക്കുകളും 6 ലഘുലേഖകളും പിടിച്ചെടുത്തതായാണ് വിവരം.
മലപ്പുറത്തും വ്യാപക റെയ്ഡ് നടന്നു. മലപ്പുറത്തെ വീടുകളിൽ നിന്നാണ് പിഎഫ്ഐ ദേശീയ പ്രസിഡന്റ് ഒഎംഎ സലാം, സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീർ എന്നിവരെ കസ്റ്റഡിയിലെടുത്തത്. ഇതോടെ മഞ്ചേരിയിൽ റോഡ് ഉപരോധിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. തൃശൂര്‍ ജില്ലാ കമ്മറ്റി ഓഫിസായ ചാവക്കാട് തെക്കഞ്ചേരിയിലെ യൂണിറ്റി ഹൗസിലാണ് റെയ്ഡ് നടന്നത്. സംസ്ഥാന ജനറൽ സെക്രട്ടറിപി കെ ഉസ്മാന്റെ കേച്ചേരിയിലെ വീട്ടിലും റെയ്ഡ് നടന്നു. പി കെ ഉസ്മാനെ കസ്റ്റഡിയിൽ എടുത്തു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗമായ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങളെ. പെരുമ്പിലാവിലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ആഴ്ച കേരളം കണ്ട ഏറ്റവും വലിയ സമ്മേളനം കോഴിക്കോട് ബീച്ചിൽ വെച്ച് പോപ്പുലർ ഫ്രണ്ട് നടത്തിയിരുന്നു. രണ്ടു ലക്ഷത്തിൽ പരം ആളുകൾ ഈ സമ്മേളനത്തിൽ പങ്കെടുത്തു എന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിന്നുള്ള പി എഫ് ഐ പ്രവർത്തകരാണ് സമ്മേളനത്തിൽ പങ്കെടുത്തത് . സ്ത്രീ കളുടെ പ്രാതിനിധ്യം വളരെ കൂടുതൽ ആയിരുന്നു . കേരളത്തിലെ ദേശീയ നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ചു വെള്ളിയാഴ്ച്ച പി എഫ് ഐ സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചു . നാളെ നടക്കുന്ന പി എസ് സി പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല