ബിജെപി രാജ്യത്ത് ഭിന്നിപ്പിലൂടെ അസ്വസ്ഥത പരത്തുകയാണ് : രാഹുല്‍ ഗാന്ധി
തിരുവനന്തപുരം : ബിജെപി രാജ്യത്ത് ഭിന്നിപ്പിലൂടെ അസ്വസ്ഥത പരത്തുകയാണെന്ന് രാഹുല്‍ ഗാന്ധി. രാജ്യം ഭയാനകമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്നും ജനങ്ങള്‍ ഭയപ്പാടിലാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളുടെയും അടിസ്ഥാന തത്വം ശാന്തിയും സമാധാനവും നിലനിർത്തുക എന്നതാണെന്നും രാജ്യത്ത് സമാധാനവും സഹവർത്തിത്വവും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ നിങ്ങളായി തന്നെ നിലനില്‍ക്കണമെന്നും പാരമ്പര്യം സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് ജോഡോ ശാന്തിക്കും സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള യാത്രയാണ്. മഹത്തായ നമ്മുടെ ഈ രാജ്യത്തിന്‍റെ മനോഹരമായ ബഹുസ്വരതയും ഐക്യവും സമാധാനവും നിലനിർത്തുക എന്നതാണ് യാത്രയുടെ സന്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രയുടെ ഏഴാം ദിവസമായ ഇന്ന് തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് നടന്ന സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.“ബിജെപി രാജ്യത്ത് അസ്വസ്ഥത ഉണ്ടാക്കുന്നു. ഒരുമിച്ച് പ്രവർത്തിച്ചാൽ ശക്തി കൂടും. രാജ്യത്ത് സമാധാനവും സഹവർത്തിത്വവും ഉണ്ടാകണം.
രാജ്യം ഭയനാകമായ സാഹചര്യങ്ങളിലേക്ക് നീങ്ങുന്നു. ജനങ്ങൾ ഭയപ്പാടിലാണ്. സങ്കീർണ്ണമായ പ്രശ്നങ്ങളാണ് ഇന്ന് നിലനില്‍ക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, ദാരിദ്ര്യം, ചികിത്സാ സൌകര്യം ഇതൊന്നും നിസാരമായ പ്രശ്നങ്ങളല്ല. നമ്മളെല്ലാം ഒരു കുടുംബമാണ്. കലഹം നിറഞ്ഞ ഒരു കുടുംബം ഒരിക്കലും പുരോഗതി കൈവരിക്കില്ല. ഈ യാത്ര ശാന്തിക്കും സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള യാത്രയാണ്. ഹിന്ദു എന്ന ആശയത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഓം ശാന്തി എന്നതാണ്. ഇതില്‍ വിശ്വസിക്കുന്ന ഒരു പാർട്ടിക്ക് എങ്ങനെ വിദ്വേഷം പരത്താന്‍ കഴിയും. എല്ലാ മതങ്ങളുടെയും അടിസ്ഥാന തത്വം ശാന്തിയും സമാധാനവുമാണ്.
എല്ലാ മതങ്ങളും സമാധാനത്തിന് വേണ്ടിയുള്ളതാണ്.; എല്ലാവരും ഒന്നിച്ചു നിന്നാല്‍ മാത്രമേ മുന്നേറാന്‍ കഴിയൂ. ജാതിക്കും മതത്തിനും എല്ലാം അതീതമായി നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. ഇതാണ് ഭാരത് ജോഡോ യാത്രയുടെ സന്ദേശം. മഹത്തായ നമ്മുടെ ഈ രാജ്യത്തിന്‍റെ മനോഹരമായ ബഹുസ്വരതയും ഐക്യവും സമാധാനവും നിലനിർത്തുക എന്നതാണ് യാത്രയുടെ സന്ദേശം. നാളെ മഹാഗുരു സമാധി സന്ദർശിക്കാന്‍ പോവുകയാണ്. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ നിങ്ങള്‍ പഠിച്ചിട്ടുള്ളതുപോലെ ഞാനും മനസിലാക്കിയിട്ടുണ്ട്. അതാണ് നമുക്ക് മുന്നേറാനുള്ള ശക്തി. ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത് മാറാനല്ല, നിങ്ങള്‍ നിങ്ങളായി നില്‍ക്കുക എന്നതാണ്. നിങ്ങളുടെ പാരമ്പര്യം പിന്തുടരുക എന്നത് ഇന്ന് ഈ രാജ്യത്തിന്‍റെ ആവശ്യകതയാണ്” – രാഹുല്‍ ഗാന്ധി പറഞ്ഞു.
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, മുൻ കേന്ദ്രമന്ത്രി ജയറാം രമേശ്, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, ജോഡോ യാത്ര സംസ്ഥാന കോർഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എംപി, എംപിമാരായ അടൂർ പ്രകാശ്, കെ മുരളീധരൻ, എംഎൽഎമാരായ ടി സിദ്ധിക്ക്, പി സി വിഷ്ണുനാഥ്, ഡിസിസി പ്രസിഡന്റ് പാലോട് രവി, കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം, കെപിസിസി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, ജി സുബോധൻ, കെപിസിസി ട്രഷറർ പ്രതാപചന്ദ്രൻ, നേതാക്കളായ വർക്കല കഹാർ, പീതാംബരക്കുറുപ്പ്, ചെറിയാൻ ഫിലിപ്പ് എന്നിവർ ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ മൂന്നാം ദിനത്തിലെ സമാപന; സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു.