വീണ്ടും കോവിഡ് പിടി മുറുക്കുന്നു ,പോലീസ് അക്കാദമിയിൽ വ്യാപനം രൂക്ഷം
തൃശൂർ : രാമവർമപുരം പോലീസ് അക്കാദമിയിൽ കോവിഡ് കൂട്ട വ്യാപനം. അക്കാദമിയിൽ വനിതാ ബറ്റാലിയൻറെയും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും പരിശീലനമാണ് നടക്കുന്നത്. ഇവരിലെ 30 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് അക്കാദമിയെ ക്ളസ്റ്ററായി പ്രഖ്യാപിച്ചു. കോവിഡ് സാഹചര്യത്തിൽ അക്കാദമിയിൽ നടക്കുന്ന പരിശീലന പരിപാടികൾ ഒരാഴ്ചത്തേക്ക് നിറുത്തിവെച്ചതായി അക്കാദമി അധികൃതർ അറിയിച്ചു.
അതെ സമയം സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും ആയിരം കടന്ന് കോവിഡ് രോഗികൾ. ഇന്ന് 1,278 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളത്താണ് ഏറ്റവുമധികം രോഗികൾ ഉള്ളത്. 407 കേസുകൾ. 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും സ്ഥിരീകരിച്ചു.
ഇന്നലെ 1370 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെയും ഏറ്റവും കൂടുതൽ രോഗബാധിതർ എറണാകുളം ജില്ലയിലായിരുന്നു, 463 പേർ. തിരുവനന്തപുരം ജില്ലയിൽ 239 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് സർക്കാർ വീണ്ടും കൊവിഡ് കണക്കുകൾ പുറത്തുവിട്ടത്. മെയ് 31ന് 1,161 പേർക്കായിരുന്നു സംസ്ഥാനത്ത് രോഗബാധ. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ, 7 പേർ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചു