തൃക്കാക്കര, 68.75 ശതമാനം പോളിങ്ങ്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ 68.75 ശതമാനം പോളിങ്. 11 മണിക്കൂർ നീണ്ട തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 1,35,320 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇവരിൽ 67,152 പേർ (70.48 ശതമാനം) പുരുഷൻമാരും 68,167 പേർ (67.13 ശതമാനം) സ്ത്രീകളുമാണ്. ഏക ട്രാൻസ്ജെൻഡറും വോട്ട് രേഖപ്പെടുത്തി. ആകെ 1,96,805 വോട്ടർമാരിൽ 1,01,530 പേർ വനിതകളാണ്. മണ്ഡല രൂപവത്കരണത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കുറഞ്ഞ പോളിങാണ് ഇത്തവണത്തേത്. ആദ്യ തെരഞ്ഞെടുപ്പിൽ 73.76 ശതമാനമായിരുന്നു പോളിങ്. 2016ൽ 74.71 ശതമാനം, 2021ൽ 70.39 ശതമാനം എന്നിങ്ങനെയായിരുന്നു പോളിങ്. അന്തിമ ശതമാനക്കണക്ക് വരുമ്പോൾ നേരിയ വ്യത്യാസത്തിനും സാധ്യതയുണ്ട്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
പി.ടി. തോമസ് എം.എൽ.എയുടെ നിര്യാണംമൂലം ഒഴിവുവന്ന നിയമസഭ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികളടക്കം എട്ട് പേരാണ് മത്സരരംഗത്തുള്ളത്. കള്ളവോട്ടിന് ശ്രമിച്ച ഒരാളെ പൊന്നുരുന്നി സി.കെ.സി എൽ.പി സ്കൂളിൽനിന്ന് പിടികൂടിയതൊഴിച്ചാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. ജില്ലയിൽ മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പുണ്ടായിരുന്നതിനാൽ വോട്ടർമാരെ മുഴുവൻ ബൂത്തുകളിലെത്തിക്കാനുള്ള ഒരുക്കം മുന്നണികൾ നടത്തിയിരുന്നു. കാലാവസ്ഥ മുന്നറിയിപ്പ് കണക്കിലെടുത്ത് വോട്ടർമാർ രാവിലെതന്നെ കൂട്ടത്തോടെ എത്തിയതാണ് പോളിങ്ങ് തുടക്കത്തിൽ ഉയരാൻ കാരണം. എന്നാൽ, ഉച്ചക്കുശേഷം മന്ദഗതിയിലായി. കാലാവസ്ഥ പ്രവചനത്തിന് വിരുദ്ധമായി ദിവസം മുഴുവൻ തെളിഞ്ഞ കാലാവസ്ഥ നിലനിന്നത് ആശ്വാസകരമായി.
രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പിന്‍റെ ആദ്യ മണിക്കൂറുകളിൽതന്നെ മിക്ക ബൂത്തുകളിലും കനത്ത പോളിങ്ങായിരുന്നു. മണ്ഡലത്തിലെ ഏക പിങ്ക് പോളിങ് ബൂത്തിൽ യന്ത്രത്തകരാറ് മൂലം മുക്കാൽ മണിക്കൂർ കഴിഞ്ഞാണ് വോട്ടെടുപ്പ് ആരംഭിക്കാനായത്. മറ്റൊരു ബൂത്തിൽ മദ്യപിച്ചെത്തിയ പ്രിസൈഡിങ് ഓഫിസറെ മാറ്റി പുതിയ ഓഫിസറെ നിയമിച്ചശേഷം വോട്ടിങ്ങ് ആരംഭിച്ചു. രാത്രിയോടെ ബാലറ്റ് യൂനിറ്റുകൾ വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളജിലെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റി. അന്തരിച്ച എം.എൽ.എ പി.ടി. തോമസിന്‍റെ ഭാര്യ ഉമ തോമസാണ് യു.ഡി.എഫ് സ്ഥാനാർഥി. എറണാകുളം ലിസി ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ജോ ജോസഫാണ് എൽ.ഡി.എഫിന് വേണ്ടി മത്സര രംഗത്തുള്ളത്. ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണനാണ് എൻ.ഡി.എ സ്ഥാനാർഥി