Header 1 = sarovaram
Above Pot

ഗുരുവായൂരിൽ ഇനി അഷ്ടപദി സംഗീതോത്സവം

ഗുരുവായൂർ : വിശ്വ പ്രസിദ്ധമായ ചെമ്പൈ സംഗീതോൽസവ മാതൃകയിൽ അഷ്ടപദി സംഗീതോൽസവം നടത്താൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചു . അഷ്ടപദിയിൽ മികവ് തെളിയിച്ച ഒരു കലാകാരന് ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം നൽകും. അഷ്ടപദി സംഗീതോൽസവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി ഭരണ സമിതി അംഗം .ചെങ്ങറ സുരേന്ദ്രനെ സബ് കമ്മിറ്റി കൺവീനറായി ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ചെയർമാൻ ഡോ.വി.കെ.വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന ഭരണ സമിതി യോഗമാണ് തീരുമാനമെടുത്തത്.
പ്രാചീന ക്ഷേത്ര കലാരൂപമായ അഷ്ടപദിയെ പ്രോൽസാഹിപ്പിക്കാനും ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടപദിക്കുള്ള പ്രാധാന്യം പരിഗണിച്ചുമാണ് ഇതാദ്യമായി അഷ്ടപദി സംഗീതോൽസവം നടത്താൻ ദേവസ്വം തീരുമാനിച്ചത്. വൈശാഖ മാസാരംഭമായ മേയ് ഒന്നിനാണ് അഷ്ടപദി സംഗീതോൽസവം. ഏപ്രിൽ 30ന് ജയദേവ കവിയുടെ ഗീതഗോവിന്ദത്തെ ആസ്പദമാക്കിയുള്ള ദേശീയ സെമിനാറോടെയാകും അഷ്ടപദി സംഗീതോൽസവം തുടങ്ങുക. അന്നു വൈകുന്നേരം അഷ്ടപദിയിൽ മികവ് തെളിയിച്ച കലാകാരന് ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം സമ്മാനിക്കും. തുടർന്ന് പുരസ്കാര ജേതാവിൻ്റെ അഷ്ടപദി കച്ചേരിയും അരങ്ങേറും. മേയ് ഒന്നിന് രാവിലെ 7 മുതൽ സംഗീതോൽസവം ആരംഭിക്കും.
പത്തു വയസ്സിനു മേൽ പ്രായമുള്ള അഷ്ടപദി ഗായകർക്ക് സംഗീതോൽസവത്തിൽ പങ്കെടുക്കാം. അഞ്ച് അഷ്ടപദിയെങ്കിലും അറിഞ്ഞിരിക്കണം. അവയുടെ വിശദവിവരം അപേക്ഷയോടൊപ്പം സമർപ്പിക്കണം .കൂടാതെ അഷ്ടപദിയിലെ അറിവും പ്രാഗൽഭ്യവും തെളിയിക്കുന്നതിന് ഗുരുനാഥൻ്റെ സാക്ഷ്യപത്രവും കരുതണം .അഷ്ടപദി സംഗീതോൽസവത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കലാകാരൻമാർ സ്വന്തമായി തയ്യാറാക്കിയ ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റ, ഗുരുനാഥൻ്റെ സാക്ഷ്യപത്രം എന്നിവ ഉൾപ്പെടെയുള്ള അപേക്ഷ അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ P0, തൃശൂർ – 68010 1 എന്ന വിലാസത്തിൽ നേരിട്ടോ സാധാരണ തപാലിലോ സമർപ്പിക്കാം.. അപേക്ഷ ഉള്ളടക്കം ചെയ്യുന്ന കവറിന് പുറത്ത് ” അഷ്ടപദി സംഗീതോൽസവം 2022 ൽ പങ്കെടുക്കാനുള്ള അപേക്ഷ എന്നു ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അവസാന തീയതി ഏപ്രിൽ 16. 5 pm

ദേവസ്വം ഭരണസമിതി യോഗത്തിൽ അംഗങ്ങളായ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ശ്രീ.ചെങ്ങറ സുരേന്ദ്രൻ എക്സ് എം.പി, അഡ്വ.കെ.വി.മോഹന കൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവരും സന്നിഹിതരായി.

Vadasheri Footer