Above Pot

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതിതർക്കം, തന്ത്രി പ്രതിനിധി രാജിവെച്ചു

തൃശൂർ : ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ ഇതര വിഭാഗങ്ങളിലുള്ളവർക്ക് പരിപാടി അവതരിപ്പിക്കാൻ അനുമതി നൽകിയതിൽ പ്രതിഷേധിച്ച് ദേവസ്വം ഭരണസമിതിയിൽ നിന്നും തന്ത്രി പ്രതിനിധി രാജിവെച്ചു. എൻ.പി.പി നമ്പൂതിരിപ്പാട് ആണ് ദേവസ്വം ഭരണസമിതിയിലെ തന്ത്രി പ്രതിനിധി. കൂത്തമ്പലത്തിൽ അമ്മന്നൂര്‍ ചാക്യാര്‍ കുടുംബത്തിന്റെ അവകാശങ്ങള്‍ നിലനിര്‍ത്തികൊണ്ട് അവരുടെ പരിപാടികള്‍ അരങ്ങേറാത്ത അവസരങ്ങളില്‍ ഹൈന്ദവരായ മറ്റ് പ്രതിഭകള്‍ക്കും കൂത്തമ്പലത്തില്‍ കൂടിയാട്ടം നടത്താന്‍ അനുവദിക്കുന്നതിനായിരുന്നു ദേവസ്വം തീരുമാനിച്ചത്. എന്നാൽ ഇക്കാര്യത്തിൽ തന്ത്രി കുടുംബത്തിൻറെ അഭിപ്രായം തേടാതെയായിരുന്നു തീരുമാനം. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഉൽസവത്തോടനുബന്ധിച്ച് നൃത്തം അവതരിപ്പിക്കാൻ നോട്ടീസിൽ പേരുൾപ്പെടെ പ്രസിദ്ധീകരിച്ച ശേഷം അഹിന്ദുവാണെന്ന് ആരോപിച്ച് പ്രശസ്ത നർത്തകി മൻസിയക്ക് നൃത്ത വിലക്ക് ഏർപ്പെടുത്തിയത്. ഇതോടെയാണ് തന്ത്രി കുടുംബം ദേവസ്വം നിലപാടുകളോട് കടുത്ത അകൽച്ചയിലായത്. കഴിഞ്ഞ ദിവസം തന്ത്രി പ്രതിനിധി എൻ.പി.പി നമ്പൂതിരിപ്പാട് രാജിവെച്ചത്. രാജി ദേവസ്വം ചെയർമാൻ യു.പ്രദീപ് മേനോൻ സ്ഥിരീകരിച്ചു. കൂത്തമ്പലത്തിലെ ജാതി വിലക്ക് നീക്കുന്ന വിഷയത്തിൽ തന്ത്രി കുടുംബങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും തന്ത്രി പ്രതിനിധി ഭരണസമിതിയിൽ നിന്ന് രാജി സമർപ്പിച്ചത് ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ മാത്രമാണെന്നും കൂത്തമ്പല വിവാദത്തിൻ്റെ പേരിൽ അല്ലെന്നും രാജി സ്വീകരിച്ചിട്ടില്ലെന്നും ചെയർമാൻ പറഞ്ഞു. കൂടുതൽ ചർച്ചകളിലൂടെയും സമവായത്തിലൂടെയും മാത്രമേ മാറ്റങ്ങൾ കൊണ്ടു വരാൻ കഴിയൂ. ക്ഷേത്രങ്ങൾ എല്ലാവർക്കുമായി തുറന്നു കൊടുക്കണമെന്ന അഭിപ്രായത്തെ താൻ സ്വാഗതം ചെയ്യുന്നുവെന്നും പ്രദീപ് മേനോൻ പറഞ്ഞു. അതിനിടെ മൻസിയക്ക് നൃത്തപരിപാടിക്ക് വിലക്കേർപ്പെടുത്തിയതിൽ സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധമുയരുകയാണ്. സംഘപരിവാർ സംഘടനകളടക്കം വിഷയത്തിൽ രംഗത്തെത്തി.

First Paragraph  728-90