അഡ്വ.ഏ.ഡി.ബെന്നിക്ക് എക്സലൻസ് പുരസ്കാരം സമർപ്പിച്ചു
തൃശൂർ : വ്യത്യസ്ത മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് എക്സലൻസ് പുരസ്കാരം സമർപ്പിച്ചു.തൃശ്ശരിൽ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക ഓഡിറ്റോറിയത്തിൽ ആർ ടി ഐ കൗൺസിലും കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും സംയുക്തമായി സംഘടിപ്പിച്ച ലോക ഉപഭോക്തൃദിനാചരണത്തോടനുബന്ധിച്ചാണ് ബെന്നിയെ തൃശൂർ എം.പി. ടി.എൻ.പ്രതാപനും മേയർ എം.കെ.വർഗ്ഗീസും ചേർന്നു് പുരസ്കാരം നൽകി ആദരിച്ചതു്.
മുപ്പത് വർഷത്തിലധികമായി ഉപഭോക്തൃ രംഗത്ത് സമാനതകളില്ലാതെ പ്രവർത്തിച്ചു വരുന്ന ബെന്നിവക്കീൽ ശ്രദ്ധേയമായ ഒട്ടേറെ കേസുകളിൽ ജനോപകാരപ്രദമായ വിധികൾ നേടിയെടുത്തിട്ടുണ്ട്.ഉപഭോക്തൃ നിയമസംബന്ധമായ ഒട്ടേറെ പഠന ക്ലാസ്സുകൾക്ക് നേതൃത്വം നൽകിവരുന്നു.നിരവധി ടി വി ,റേഡിയോ അഭിമുഖങ്ങൾ അദ്ദേഹത്തിൻ്റേതായി പുറത്തു വന്നിട്ടുണ്ട്.ഫാദർ ഡേവിസ് ചിറമൽ നേതൃത്വം നൽകുന്ന കിഡ്ണി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക സെക്രട്ടറിയും ഇപ്പോഴത്തെ ഡയറക്ടറുമാണ്.
വൃക്കരോഗികൾക്ക് വേണ്ടി പ്രവർത്തിച്ചു വരവെ രോഗിയായി മാറുകയും വൃക്ക മാറ്റിവെച്ച് പതിനഞ്ച് വർഷം പൂർത്തിയാക്കിയിട്ടുള്ളതുമാണ്. അറിയപ്പെടുന്ന സ്പോർട്സ് ലേഖകനും സോഷ്യൽ മീഡിയയിൽ സ്ഥിരം പംക്തികൾ അവതരിപ്പിച്ചു വരുന്നതുമാണ്. അഡ്വ.ഏ.ഡി.ബെന്നിയുടെ പത്മവ്യൂഹം ഭേദിച്ച് എന്ന ജീവചരിത്ര പുസ്തകം പ്രശസ്തമാണ്.ചടങ്ങിൽ മേയർ എം.കെ.വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.ടി.എൻ.പ്രതാപൻ എം.പി.ഉദ്ഘാടനം നിർവ്വഹിച്ചു.ബിന്നി ഇമ്മട്ടി, സാബു ജോർജ്, പ്രിൻസ് തെക്കൻ, അഡ്വ.ജോഷി പാച്ചൻ, ജോസഫ് വർഗ്ഗീസ് വെളിയത്ത്, ഡോ: അപർണ എന്നിവർ പ്രസംഗിച്ചു.