ഇസ്ലാമിക സ്റ്റേറ്റിൽ ചേർന്ന മലപ്പുറം സ്വദേശി നജീബ് ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തിൽ ചേർന്ന മലയാളി വിദ്യാർത്ഥി അഫ്ഗാനിസ്ഥാനിൽ വെച്ച് ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് – ഖൊറാസാൻ പ്രവിശ്യയുടെ (ഐഎസ്കെപി) മുഖപ്രസിദ്ധീകരണമാണ് ഈ വാർത്ത പുറത്തുവിട്ടത്. 23 കാരനായ കേരളത്തിലെ എൻജിനീയറിങ് വിദ്യാർത്ഥിയായ നജീബ് അൽ ഹിന്ദി (നജീബ് കുണ്ടുവയിൽ) ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന്, ഐഎസ്കെപിയുടെ പ്രസിദ്ധീകരണമായ വോയ്‌സ് ഓഫ് ഖുറാസൻ റിപ്പോർട്ട് ചെയ്തു. നജീബ് എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നോ, അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യം എന്തായിരുന്നുവെന്നോ റിപ്പോർട്ടിൽ വ്യക്തമല്ല.

അഞ്ചുവർഷം മുൻപാണ് വെല്ലൂർ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എംടെക് വിദ്യാർത്ഥിയായിരുന്ന നജീബിനെ കേരളത്തിൽ നിന്ന് കാണാതെയായത്. മലപ്പുറം സ്വദേശിയായ നജീബിനെ 2017 ഓഗസ്റ്റ് 15 മുതലാണ് കാണാതെയാകുന്നത്.

പാകിസ്ഥാൻ സ്വദേശിനിയായ സ്ത്രീയെ വിവാഹം കഴിച്ച്, മണിക്കൂറുകൾക്കുള്ളിൽ യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടുവെന്ന് ലേഖനത്തിൽ പറയുന്നു. ഇന്ത്യയിൽ നിന്ന് അഫ്ഗാനിസ്ഥാനിലെ ഐഎസ്കെപി ആസ്ഥാനമായ ഖൊറാസാനിലേക്ക് നജീബ് എത്തുകയായിരുന്നുവെന്ന് പ്രസിദ്ധീകരണം സാക്ഷ്യപ്പെടുത്തുന്നു. വിവാഹ രാത്രിയിൽ യുദ്ധക്കളത്തിലേക്ക് പുറപ്പെട്ട 24 കാരൻ ‘രക്തസാക്ഷിത്വം’ വഹിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

“പർവതങ്ങളിലെ ദുഷ്‌കരമായ ജീവിതത്തെക്കുറിച്ച് അദ്ദേഹം ഒരിക്കലും പരാതിപ്പെട്ടിട്ടില്ല, അദ്ദേഹത്തിന്റെ മനസ്സിലുള്ളത് രക്തസാക്ഷിത്വം മാത്രമായിരുന്നു,” മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

2017 ഓഗസ്റ്റ് 16-ന് ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് EK-525 വിമാനത്തിൽ നജീബ് ദുബായിലേക്ക് പോയി, അവിടെ നിന്ന് സിറിയ/ഇറാഖ് എന്നിവിടങ്ങളിലേക്ക് പോയതായി രഹസ്യാന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.

“ഓഗസ്റ്റ് 15 ന് യുവാവിനെ കാണാതാവുകയും അടുത്ത ദിവസം ഇന്ത്യയിൽ നിന്ന് ഒരു വിമാനത്തിൽ യാത്ര തിരിച്ചതായും കണ്ടെത്തി. ഖൊറാസാനിലേക്ക് പോകുന്നതിനുമുമ്പ് അദ്ദേഹം കുറച്ചുകാലം ദുബായിൽ താമസിച്ചിരുന്നതായി സംശയിക്കുന്നു. വോയ്‌സ് ഓഫ് ഖൊറാസനിൽ ഈ ഭാഗം പ്രസിദ്ധീകരിക്കുന്നത് വരെ അദ്ദേഹത്തെ കുറിച്ച് ഇത്രയും കാലം ഒരു വാർത്തയും ഉണ്ടായിരുന്നില്ല. ഈ ലേഖനത്തിൽ നജീബിന്റെ ഫോട്ടോയാണുള്ളത്-അദ്ദേഹത്തിന്റെ പാസ്‌പോർട്ടിന്റെ അതേ ഫോട്ടോയും ഉണ്ട്,” ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദ പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.

തന്റെ “ലക്ഷ്യസ്ഥാനത്ത്” എത്തിയെന്നും ആരും തന്നെ അന്വേഷിക്കാൻ ശ്രമിക്കരുതെന്നും പറഞ്ഞ് തന്റെ അമ്മയ്ക്ക് ടെലിഗ്രാം ആപ്പിൽ ഒക്ടോബർ 17ന് സന്ദേശം അയച്ചതായും പറയപ്പെടുന്നു.

“വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ്, നജീബ് തന്റെ അമ്മയെ ഫോണിൽ ടെലിഗ്രാം ആപ്പ് ഡൗൺലോഡ് ചെയ്യുകയും സന്ദേശങ്ങൾ അയയ്‌ക്കുന്നതും സ്വീകരിക്കുന്നതും എങ്ങനെയെന്ന് കാണിച്ചുകൊടുത്തു. കാണാതായി രണ്ട് ദിവസത്തിന് ശേഷം, അവനെ കണ്ടെത്താൻ ശ്രമിക്കരുതെന്നും പോലീസിനെ സമീപിക്കരുതെന്നും പറഞ്ഞ് അമ്മയ്ക്ക് സന്ദേശം അയച്ചു, ”ഉദ്യോഗസ്ഥർ പറഞ്ഞു.

സന്ദേശങ്ങൾ ലഭിച്ചതിന് ശേഷമാണ് നജീബിന്റെ ഉമ്മ ലോക്കൽ പോലീസിൽ പോയി തന്റെ മകൻ തീവ്രവാദി സംഘത്തിൽ ചേർന്നതായി സംശയിക്കുന്നതായി പരാതി രജിസ്റ്റർ ചെയ്തത്.