ഗുരുവായൂർ ക്ഷേത്രത്തിൽ ഭഗവൽ തിടമ്പ് താഴെ വീണു ,ഗ്രാമ ബലിയും, പള്ളിവേട്ടയും വൈകി
ഗുരുവായൂർ: ക്ഷേത്രത്തിൽ പള്ളിവേട്ട ദിനത്തിൽ ഭഗവൽ തിടമ്പ് താഴെ വീണത് പ്രായശ്ചിത്തം നടത്താനിടയായി. ക്ഷേത്രത്തിനകത്ത് ശ്രീഭൂതബലി എഴുന്നള്ളിപ്പിനായി തിടമ്പേറ്റുമ്പോഴാണ് ആനപ്പുറത്തു നിന്നും തിടമ്പ് താഴെ വീണത്.ഇതോടെ പുറത്തേക്കെഴുന്നള്ളിപ്പും ഒരു മണിക്കൂറോളം വൈകി.
ആനയോട്ടത്തിലെ ജേതാവ് രവികൃഷ്ണനാണ് തിടമ്പേറ്റിയിരുന്നത്. വൈകീട്ട് 4.45-ഓടെ ശ്രീഭൂതബലി ചടങ്ങാരംഭിയ്ക്കുന്നതിനായി ഭഗവത് തിടമ്പു മായി ശാന്തിയേറ്റ കീഴ്ശാന്തി മുളമംഗലം ചൈതന്യന്‍ നമ്പൂതിരി ആനപ്പുറത്തു കയറുന്നതിനായി ആനയെ നിലത്ത് അമർത്തിരുത്തി , കീഴ്ശാന്തിയുമായി എണീറ്റ ആന അടിവയറിൽ ഉണ്ടായ മർദ്ദം കാരണം മൂത്ര മൊഴിക്കാനും പിണ്ഡമിടാനും തുടങ്ങി ,
കൊടിമര ചുവട്ടിൽ വെച്ചിട്ടുള്ള പഴുക്കാ മണ്ഡപത്തിലേക്ക് മൂത്രം തെറിക്കാതിരിക്കാനായി ചട്ടക്കാരൻ ആനയുടെ കഴുത്തിലെ ചങ്ങല പിടിച്ചു വലിച്ചു മുന്നോട്ട് നീക്കാൻ ശ്രമിച്ചു. ഇതോടെ അസ്വസ്ഥനായ കൊമ്പൻ തല കുടഞ്ഞു .അപ്രതീക്ഷിതമായുണ്ടായ കുലുക്കത്തിൽ കീഴ് ശാന്തിയുടെ കയ്യിൽ നിന്നും തിടമ്പ് തെറിച്ചു പോയി. തിടമ്പും പീഠവും രണ്ടായി വീണു പ്രഭാ മണ്ഡലം മാത്രമാണ് കീഴ് ശാന്തിയുടെ കയ്യിൽ നിന്നും താഴെ വീഴാതിരുന്നത് .
ബിംബ ശുദ്ധി ശംഖാഭിഷേകമായിരുന്നു പ്രായശ്ചിത്തമായി നടത്തിയത്. ഒരു മണിക്കൂറോളം നീണ്ട പരിഹാര കർമ്മത്തിന് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് ശ്രീഭൂത ബലി ചടങ്ങു് പൂർത്തിയാക്കി മൂല വിഗ്രഹത്തിന് പകരമായി കണ്ട് ഭക്തർ ആരാധിക്കുന്ന തിടമ്പ് ഉത്സവ സമാപന തലേന്ന് താഴെ വീണത് ഭക്ത മനസുകളെ ഏറെ വേദനിപ്പിച്ചു. ക്ഷേത്രത്തിൽ നടക്കുന്ന ആചാര ലംഘനങ്ങൾ ദുർനിമിത്തമായി പരിണമിക്കുന്നതാണോ എന്നാണ് ഭക്തർ ആശങ്കപ്പെടുന്നത്