ഗജരത്നം ഗുരുവായൂർ പത്മനാഭൻ അനുസ്മരണം ഫെബ്രുവരി 6 ന്
ഗുരുവായൂർ : ഗജരത്നം ഗുരുവായൂർ പത്മനാഭൻ്റെ രണ്ടാമത് അനുസ്മരണം ഫെബ്രുവരി ആറ് ഞായറാഴ്ച നടക്കും. രാവിലെ എട്ടിന് ശ്രീവൽസം അതിഥിമന്ദിര വളപ്പിലെ പത്മനാഭൻ പ്രതിമയിൽ പുഷ്പാർച്ചന യോടെയാകും അനുസ്മരണ ദിനം ആചരിക്കുക. കോവിഡ് പ്രാേട്ടോകോൾ പാലിച്ചാകും ചടങ്ങ്.
1954 നവംബർ 18നാണ് പത്മനാഭൻ ഗുരുവായൂരപ്പൻ്റെ ഗജ സമ്പത്തിലേക്ക് എത്തിച്ചേരുന്നത്.1976 ഫെബ്രുവരിയിൽ ഗുരുവായൂർ ഉൽസവത്തിൻ്റെ ഭാഗമായ ആനയോട്ടത്തിൽ ഒന്നാമതെത്തി. തുടർന്ന് ഗജരാജൻ ഗുരുവായൂർ കേശവൻ്റെ അഭാവത്തിൽ ആനത്തറവാട്ടിലെ കാരണവർ ആയി. കേശവൻ അനുസ്മരണത്തിന് 43 വർഷം നേതൃത്വം നൽകി. നീണ്ട 66 വർഷക്കാലം ശ്രീ ഗുരുവായൂരപ്പ ദാസനായി. ക്ഷേത്ര ചടങ്ങുകളുടെ ഭാഗമായി എഴുന്നള്ളിപ്പുകളിൽ മുൻനിരക്കാരനായി. കേരളത്തിലെ എല്ലാ പ്രശസ്തമായ ക്ഷേത്രങ്ങളിലും എഴുന്നള്ളിപ്പിനും ഉൽസവ ചടങ്ങിനുമെത്തി. ഗുരുവായൂർ പത്മനാടൻ ഭക്തരുടെയും ആനപ്രേമികളുടെയും മിത്രമായി.
2020ലെ തിരുവുത്സവത്തോടനുബന്ധിച്ച കലശാരംഭ ദിവസമാണ് പത്മനാഭൻ ചരിഞ്ഞത്. തുടർന്ന് ദേവസ്വം ഭരണസമിതി വരും വർഷങ്ങളിൽ കലശാരംഭ ദിവസം പത്മനാഭൻ അനുസ്മരണം നടത്താൻ തീരുമാനിക്കുകയുണ്ടായി.2021 ൽ ഗുരുവായൂരപ്പൻ്റെ കലശാരംഭ ദിവസം പത്മനാഭൻ അനുസ്മരണം നടത്തുകയും ചെയ്തു.
ഇത്തവണ അനുസ്മരണ ദിനത്തിൽ പത്മനാഭൻ്റെ പൂർണകായ പ്രതിമയുണ്ട്. കഴിഞ്ഞ ദേവസ്വം ഭരണസമിതി കാലത്ത് നിർമ്മിച്ച പത്മനാഭൻ പ്രതിമയും പത്മനാഭ ച്ചരിതം ചുമർചിത്ര മതിലും 2021 ഡിസംബർ 18ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനാണ് ഭക്തർക്ക് സമർപ്പിച്ചത്..