ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതായ സംഭവം, ബാലവകാശ കമീഷൻ കേസെടുത്തു
കോഴിക്കോട് : വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതായ സംഭവത്തിൽ ബാലവകാശ കമീഷൻ കേസെടുത്തു. സംഭവത്തില്‍ കോഴിക്കോട് ജില്ലാ പോലീസ് മേധാവിയോട് കമീഷൻ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജില്ലാ ബാലാവകാശ സംരക്ഷണ ഓഫീസര്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും കമീഷൻ നിര്‍ദ്ദേശം നല്‍കി. ജില്ലാ ബാലാവകാശ സംരക്ഷണ ഓഫീസറോടും അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. കമ്മീഷൻ അംഗം ബി. ബബിത ചിൽഡ്രൻസ് ഹോം സന്ദർശിക്കും.സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
ഇതിനെ തുടർന്ന് പൊലീസ് ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. സി.സി.ടിവിയും പൊലീസ് പരിശോധിക്കുന്നുണ്ടെന്ന് മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് ബുധനാഴ്ച്ച വൈകിട്ടോടെയാണ് ആറു പെൺകുട്ടികളെ കാണാതായത്. സഹോദരിമാര്‍ ഉള്‍പ്പെടുന്ന ആറു കുട്ടികളെയാണ് കാണാതായത്. അടുക്കളയുടെ ഭാഗത്തെ മതിലില്‍ ഏണി ചാരിയാണ് ഇവര്‍ പുറത്തേക്ക് കടന്നതെന്നാണ് വിവരം.
കാണാതായ ആറ് പരും കോഴിക്കോട് ജില്ലാക്കാരാണെന്നാണ് പൊലീസ് പറയുന്നത്. ചിൽഡ്രൻസ് ഹോമിൽ നിന്നും ചാടി പോകാനുണ്ടായ കാരണമെന്താണെന്ന് വ്യക്തമല്ല. എന്നാൽ കാണാതായ പെൺകുട്ടികൾ കോഴിക്കോട് ജില്ല വിട്ടിട്ടില്ലായെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.ഇന്നലെ വൈകീട്ടോടെയാണ് കുട്ടികളെ കാണാതായ വിവരം പുറത്തറിഞ്ഞത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു നേരത്തെ ഇവരെ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്