കടുത്ത നിയന്ത്രണങ്ങൾക്കിടയിൽ ഗുരുവായൂരിൽ 145 വിവാഹങ്ങൾ
ഗുരുവായൂർ : ഒമിക്രോൺ ഭീതിയിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ 145 വിവാഹങ്ങള്‍ നടന്നു. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ 162 വിവാഹങ്ങളാണ് ഇന്നത്തേക്ക് ശീട്ടാക്കിയിരുന്നത്. ഇതില്‍ 17 വിവാഹങ്ങള്‍ റദ്ദാക്കി. പുലര്‍ച്ചെ അഞ്ച് മുതല്‍ ആരംഭിച്ച താലികെട്ട് ഉച്ചപൂജ കഴിഞ്ഞ് നടയടക്കുന്നതുവരെ തുടര്‍ന്നു. തിരക്കിനനുസരിച്ച് മൂന്ന് മണ്ഡപങ്ങളിലായാണ് വിവാഹങ്ങള്‍ നടന്നത്.
നിയന്ത്രണങ്ങളുടെ ഭാഗമായി ഫോട്ടോഗ്രാഫര്‍മാരടക്കം 12 പേര്‍ക്കാണ് വിവാഹമണ്ഡപത്തിനടുത്തേക്ക് പ്രവേശനം നല്‍കിയത്. പോലീസും ദേവസ്വം സെക്യൂരിറ്റി ജീവനക്കാരും ഏറെ പാട്പട്ടാണ് തിരക്ക് നിയന്ത്രിച്ചത്. ക്ഷേത്രനടയില്‍ പ്രവേശിക്കുന്ന വിവാഹ സംഘങ്ങളെ നേരെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലേക്കാണ് പ്രവേശിപ്പിച്ചത്. പിന്നീട് ഊഴമനുസരിച്ച് ഓരോ സംഘങ്ങളേയും വിവാഹമണ്ഡപത്തിലേക്ക് കയറ്റി വിടുകയായിരുന്നു. താലികെട്ട് കഴിഞ്ഞ വിവാഹ സംഘങ്ങളെ ക്ഷേത്രപരിസരത്ത് തങ്ങാന്‍ അനുവദിച്ചിരുന്നില്ല.
ദര്‍ശനത്തിനും ഭക്തജനതിരക്കനുഭവപ്പെട്ടു. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവര്‍ക്ക് പുറമേ കിഴക്കേനടയില്‍ ദീപസ്തംഭത്തിന് മുന്നില്‍ തൊഴാനും ഭക്തരുടെ തിരക്കായിരുന്നു. കിഴക്കേനടപ്പുരയില്‍ വിവാഹസംഘങ്ങളുടെ തിരക്ക് കുറയുന്നതിനനുസരിച്ചാണ് ദീപസ്തംഭത്തിന് മുന്നിലേക്ക് ഭക്തരെ പ്രവേശിപ്പിച്ചത്. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ബുധനാഴ്ച മുതലാണ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനും വിവാഹത്തിനും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്ന 3000 പേര്‍ക്കാണ്് ദര്‍ശനാനുമതിയുള്ളത്. നിയന്ത്രണങ്ങളുടെ ഭാഗമായി കൃഷ്ണനാട്ടം, കുട്ടികളുടെ ചോറൂണ്‍, മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ കലാപരിപാടികള്‍ എന്നിവ നിറുത്തി വച്ചിരിക്കുകയാണ്