ഗുരുവായൂരിൽ “പിള്ളേർ താലപ്പൊലി” ഭക്തി സാന്ദ്രമായി
ഗുരുവായൂര്‍: ഇടത്തരികത്തുകാവ് ഭഗവതിയുടെ താലപ്പൊലി, ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചു . ഗുരുവായൂര്‍ ക്ഷേത്രം ഉപദേവതയായ ഇടത്തരികത്തുകാവിലെ ” പിള്ളേര് ” താലപ്പൊലി മഹോത്സവ ആഘോഷത്തില്‍ പങ്കെടുത്ത് ആയിരങ്ങളാണ് ഭഗവതിയുടെ അനുഗ്രഹം നേടിയത്. നാട്ടുകൂട്ടായ്മയായ നാട്ടുകൂട്ടത്തിന്റെ വകയായിട്ടായിരുന്നു, ”പിള്ളേര്” താലപ്പൊലി മഹോത്സവം നടന്നത്.
ഉച്ചയ്ക്ക് രണ്ടിന് ചോറ്റാനിക്കര സുഭാഷ് മാരാര്‍, വൈക്കം കുട്ടന്‍, കല്ലുവഴി ബാബു എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യത്തോടേയുള്ള പുറത്തക്കെഴുന്നള്ളിപ്പില്‍, വലിയ വിഷ്ണു ഭഗവതിയുടെ തിടമ്പേറ്റി. ദാമോദര്‍ദാസും, ഗോകുലും പറ്റാനകളായി. തുടര്‍ന്ന് കോട്ടപ്പടി സന്തോഷ്മാരാര്‍, ഗുരുവായൂര്‍ ശശിമാരാര്‍, ഗുരുവായൂര്‍ ഗോപന്‍, ചൊവ്വല്ലൂര്‍ മോഹനന്‍ എന്നിവരുടെ മേള പ്രമാണത്തോടേയുള്ള ഭഗവതിയുടെ തിരിച്ചെഴുന്നെള്ളിപ്പിന് ശേഷം നടന്ന പറയെടുപ്പില്‍, നൂറുകണക്കിന് ഭക്തര്‍ ഭഗവതിയുടെ അനുഗ്രഹമേറ്റുവാങ്ങി.
ചെമ്പട്ടണിഞ്ഞ് ഭഗവതിയുടെ വാളും, ചിലമ്പുമായി കോമരം സുരേന്ദ്രന്‍ നായര്‍ ഉറഞ്ഞ് തുള്ളി പറ സ്വീകരിച്ചു. ഭക്തജനങ്ങളുടെ വഴിപാടായി നെല്ല്, അരി, മലര്‍, അവില്‍, പൂവ്വ്, പഴം, ശര്‍ക്കര, മഞ്ഞള്‍, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങള്‍ നിറച്ച പറകള്‍ ചൊരിഞ്ഞ് പൂക്കളെറിഞ്ഞാണ് കോമരം ഭക്തജനത്തിന് അനുഗ്രഹവര്‍ഷം ചൊരിഞ്ഞത്. നിറപറകള്‍ വെച്ച് ഭഗവതിയെ വരവേല്‍ക്കാനായി കിഴക്കേനടപ്പുരയില്‍ അലങ്കാരങ്ങളും, വിതാനങ്ങളും നേരത്തേ ഒരുങ്ങിയിരുന്നു. ക്ഷേത്രം ഉപദേവതയായ ഇടത്തരികത്ത് വാഴുന്ന ഭഗവതിയുടെ ഉത്സവത്തില്‍ പങ്കാളിയാകാന്‍ പൂജകള്‍ നേരത്തെ അവസാനിപ്പിച്ച കണ്ണന്റെ ശ്രീലകം രാവിലെ 11-ന് അടച്ചു.
തുടര്‍ന്ന് വാല്‍കണ്ണാടിയും, തിരുവുടയാടയുമായി ഭഗവതി പുറത്തേക്കെഴുന്നെള്ളി. മേളത്തിന്റെ അകമ്പടിയോടെ എഴുന്നെള്ളിപ്പ് ഗോപുരത്തിന് സമീപമെത്തിയതോടെ നടക്കല്‍ പറയാരംഭിച്ചു. തുടര്‍ന്ന് നാദസ്വരത്തോടെ കുളപ്രദക്ഷിണവും, രാത്രി 10-ന് പുറത്തേക്കെഴുന്നെള്ളിപ്പിന് ശേഷം കളംപാട്ടും നടന്നു. താലപൊലിയോടനുബന്ധിച്ച് ഭഗവതിക്ക് വാകചാര്‍ത്ത്, ദീപാലങ്കാരം, പുഷ്പാലങ്കാരം വിശേഷാല്‍ പൂജകള്‍ എന്നിവയും ഉണ്ടായിരുന്നു.
താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 7-ന് ഗുരുവായൂര്‍ ശശി മാരാരുടെ ഇടയ്ക്കാ നാദത്തില്‍, വിനോദ് ഗുരുവായൂരിന്റെ അഷ്ടപദി. 8-ന് മുരളി പുറനാട്ടുകരയുടെ ഭക്തിപ്രഭാഷണം, 9-ന് ചാവക്കാട് താലൂക്ക് എന്‍.എസ്.എസ് വനിത വിഭാഗവും, മൂക്കുതല കൈകൊട്ടികളി സംഘവും ചേര്‍വതരിപ്പിച്ച കൈകൊട്ടികളിയും, വൈകീട്ട് 6.30-ന് സിനിമാതാരം രചന നാരായണന്‍കുട്ടിയുടെ നൃത്തനൃത്യങ്ങളും അരങ്ങേറി താലപ്പൊലി ദിനത്തിൽ സ്വര്‍ണ്ണകിരീടവും, പൊന്‍വാളും, സ്വര്‍ണ്ണമാലകളുമായി സര്‍വ്വാഭരണ വിഭൂഷിതയായിട്ടായിരുന്നു, ഭഗവതി ഭക്തർക്ക് ദര്‍ശനം നല്‍കിയിത്