ഭഗവാന്റെ 10 കോടി ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് ,ഭക്തരുടെ താൽപര്യപ്രകാരമാണെന്ന വിചിത്ര വാദവുമായി ദേവസ്വം സുപ്രീം കോടതിയിൽ
ഗുരുവായൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭഗവാന്റ സ്ഥിര നിക്ഷേപം എടുത്തു നൽകിയത് ഭക്തരുടെ താൽപര്യം കണക്കിലെടുത്താണെന്ന് ദേവസ്വം സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്ങ് മൂലത്തിൽ അവകാശപ്പെട്ടു .ദേവന്റെ പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാകില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഗുരുവായൂർ ദേവസ്വം സുപ്രീം കോടതിയിൽ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ഭക്തരുടെ താൽപര്യം കണക്കിലെടുത്താണ് പണം നൽകിയതെന്ന് സ്റ്റാൻഡിങ് കൗൺസൽ എം.എൽ. ജിഷ്ണു വാദിച്ചത് .
ഗുരുവായൂർ ക്ഷേത്രം മതേതര സ്ഥാപന മാണെന്നും .എല്ലാ മത വിശ്വാസികളും ഭണ്ഡാരത്തിൽ പണം നിക്ഷേപിക്കാറുണ്ടെന്നു മായിരുന്നു നേരത്തെ ഹൈക്കോടതിയിൽ ദേവസ്വം നിലപാട് എടുത്തത് . പ്രളയ കാലത്തും കോവിഡ് കാലത്തുമായി 10 കോടി രൂപയാണ് ഗുരുവായൂർ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നത്. എന്നാൽ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത് ദേവസ്വം ബോർഡിന്റെ പ്രവർത്തന പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി ഫുൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഗുരുവായൂർ ദേവസ്വം നിയമത്തിലെ വകുപ്പ് 27 പ്രകാരം ദുരിതാശ്വാസ ഫണ്ടിനായി പണം നീക്കിവയ്‌ക്കാനാകില്ലെന്ന് ഫുൾ ബഞ്ച് വ്യക്തമാക്കിയിരുന്നു.
ഗുരുവായൂർ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പനാണ്. ട്രസ്റ്റി എന്ന നിലയിൽ സ്വത്തുവകകൾ പരിപാലിക്കൽ ആണ് ദേവസ്വം ബോർഡിന്റെ ചുമതലയെന്നും ഫുൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു ദേവസ്വം നിക്ഷേപത്തിൽ നിന്ന് മുൻവർഷങ്ങളിലും പലകാര്യങ്ങൾക്കായി സംഭാവന നൽകിയത് വിവാദമായിട്ടുണ്ട്. ലക്ഷംവീട് പദ്ധതിക്കുവേണ്ടി അരക്കോടി രൂപ നൽകിയതും സോവനീറിൽ പരസ്യം നൽകിയതുമായിരുന്നു നേരത്തേ വിവാദമായത്. അന്നും കോടതി ഇടപെട്ട് തുക തിരിച്ചടയ്ക്കാൻ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ, വിധിയെ ചോദ്യംചെയ്ത് മേൽക്കോടതിയെ സമീപിച്ചിരുന്നില്ല. തുക ദേവസ്വത്തിൽ തിരിച്ചടയ്ക്കുകയാണുണ്ടായത്.
2020 ഡിസംബറിൽ ഹൈക്കോടതി ഫുൾ ബെഞ്ച് പുറപ്പടിവിച്ച വിധിക്കെതിരെ സംസ്ഥാന സർക്കാർ ഇതുവരെയും അപ്പീൽ നൽകിയിട്ടില്ല. ദേവസ്വം ഭരണാധികാരികളുടെ ദുരഭിമാനമാണ് ഹൈക്കോടതി വിധിക്കെതിരെ ലക്ഷകണക്കിന് രൂപ ചിലവ് ചെയ്ത് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്യാൻ കാരണമത്രെ . സുപ്രീം കോടതിയിൽ കേസ് അവസാനിക്കുമ്പോഴേക്കും വർഷങ്ങൾ പലതും കഴിയും .ഇനി ഹൈക്കോടതി വിധി സുപ്രീം കോടതിയും ശരി വെക്കുകയാണെങ്കിൽ അന്നത്തെ സർക്കാരാണല്ലോ പണം തിരിച്ചടക്കേണ്ടത് . പക്ഷെ ഈ പത്ത് കോടിയുടെ പലിശയും , കോടതി ചിലവും ഈ ഭരണ സമിതി അംഗങ്ങൾ തന്നെ തിരിച്ചടക്കേണ്ടി വരും എന്ന് നിയമ വിദഗ്ദർ ചൂണ്ടി കാട്ടുന്നു
.