Above Pot

ഏകാദശി , ഗുരുവായൂർ ക്ഷേത്ര വാതിൽ അടക്കാതെ 54 മണിക്കൂർ ദർശന സൗകര്യം

First Paragraph  728-90

ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് ദശമി, ഏകാദശി, ദ്വാദശി ദിവസങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് ക്ഷേത്രദര്‍ശനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. തിങ്കളാഴ്ച്ച നടക്കുന്ന ഗജരാജന്‍ കേശവന്‍ അനുസ്മരണം, നാരായണീയദിനാഘോഷം, ചൊവ്വാഴ്ച ഏകാദശി നാളിലെ ചെമ്പൈ സംഗീതോല്‍സവ സമാപനം തുടങ്ങിയ ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിനുള്ള തയ്യാറെടുപ്പുകളും പൂര്‍ത്തിയായി.

Second Paragraph (saravana bhavan

ഏകാദശി ദിവസം രാവിലെ 6- മണിമുതല്‍ മുതല്‍ ഉച്ചയ്ക്ക് 2-മണി വരെ വി.ഐ.പിമാര്‍ അടക്കം ആര്‍ക്കും പ്രത്യേക ദര്‍ശനം അനുവദിക്കില്ല. ഈ സമയം ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയവര്‍ക്ക് മാത്രമാകും ദര്‍ശനം അനുവദിക്കുക. അതേസമയം, നെയ്യ്‌വിളക്ക് ശീട്ടാക്കിയവര്‍ക്ക് തത്സമയം ദര്‍ശനം അനുവദിക്കും. ഉച്ചകഴിഞ്ഞ് 2 മണിക്കു ശേഷം വെര്‍ച്വല്‍ ക്യൂവില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കി മറ്റുള്ളവര്‍ക്കും ദര്‍ശനം അനുവദിക്കും. നെയ്യ്‌വിളക്ക് ദര്‍ശനവും തല്‍സമയം തുടരും. ദശമി ദിനമായ തിങ്കളാഴ്ച പുലര്‍ച്ചെ 3-ന് ക്ഷേത്രനട തുറന്നാല്‍, ദ്വാദശി ദിവസമായ ബുധനാഴ്ച രാവിലെ 9-മണിവരെ നട തുറന്നിരിക്കും. പതിവ് പൂജ, ദീപാരാധന ചടങ്ങുകള്‍ക്ക് മാത്രമാകും നട അടക്കുക.

ഡ്യൂട്ടി നിര്‍വ്വഹിക്കുന്ന പോലീസ്, സുരക്ഷാ ഉദ്യോഗസ്ഥര്‍, ക്ഷേത്രം ജീവനക്കാര്‍ എന്നിവര്‍ക്കും, ദേവസ്വം അതിഥികള്‍ക്കും അന്നലക്ഷ്മി ഹാളിനോട് ചേര്‍ന്ന് നിര്‍മ്മിച്ച പന്തലില്‍ പ്രസാദ ഊട്ടിന് ക്രമീകരണം ഒരുക്കും. ഏകാദശി ദിവസം ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തര്‍ക്കും പ്രസാദ ഊട്ടിനായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. അന്നലക്ഷ്മി ഹാള്‍, കൂടാതെ തെക്കേ നടപന്തലിനു പടിഞ്ഞാറുഭാഗത്ത് നിര്‍മ്മിച്ച പുതിയ പന്തലിലും പ്രസാദ ഊട്ട് നടത്തും. രാവിലെ 9-മണി മുതല്‍ പ്രസാദ ഊട്ട് ആരംഭിക്കും. പ്രസാദ ഊട്ടിനായി 200 ഓളം താല്‍ക്കാലിക ജോലിക്കാരെ അധികം നിയോഗിച്ചതായും അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.

ഏകാദശി തിരക്ക് പ്രമാണിച്ച് ദേവസ്വം ഇന്നര്‍റിങ്ങ് റോഡില്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ പാര്‍ക്കിങ് അനുവദിക്കില്ല. ഇരുചക്ര വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങിന് ക്രമികരണം ഏര്‍പ്പെടുത്താന്‍ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസിനെയും ദേവസ്വം ഹെല്‍ത്ത് വിഭാഗത്തെയും ചുമതലപ്പെടുത്തി. അവലോകന യോഗത്തില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി.മോഹന്‍ദാസ്, ഭരണസമിതി അംഗങ്ങള്‍, ദേവസ്വം അഡ്മിനിസ്‌ടേറ്റര്‍ കെ.പി. വിനയന്‍, ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി. മനോജ് കുമാര്‍, ഗുരുവായൂര്‍ അസി: പോലീസ് കമ്മീഷണര്‍ കെ.ജി. സുരേഷ്, ടെമ്പിള്‍ സി.ഐ: സി. പ്രേമാനന്ദകൃഷ്ണന്‍, എസ്.ഐ: പി.ആര്‍. സുബ്രഹ്മണ്യന്‍ എന്നിവര്‍ പങ്കെടുത്തു.