കുന്നംകുളം : സ്ത്രീകളുടെ സാമൂഹ്യപദവിയും ജനാധിപത്യ അവകാശങ്ങളും പുരുഷ സമൂഹവും തിരിച്ചറിയുകയും പിന്തുണക്കുകയും ചെയ്യുന്ന സാഹചര്യം രൂപപ്പെട്ട് വരുന്നതായി കെ.കെ.രമ അഭിപ്രായപ്പെട്ടു . കുന്നംകുളത്ത് അഖിലേന്ത്യ ജനാധിപത്യ മഹിള ഫെഡറേഷന്‍, റവല്യൂഷണറി മഹിളാ ഫെഡറേഷന്‍ സംയുക്ത സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വടകര എംഎല്‍എ .
അടുക്കളയില്‍ നിന്ന് അരങ്ങത്തെത്തിയ സ്ത്രീകളെ അടുക്കളയിലേക്ക് തിരിച്ചയക്കാന്‍ ശ്രമിക്കുന്ന ശക്തികളും സജീവമാണ്. എന്നാല്‍ പിന്തിരിപ്പന്‍ ശ്രമങ്ങളെ പ്രതിരോധിച്ച് സ്ത്രീ ശാക്തീകരണത്തിനായ് ആത്മാര്‍ത്ഥ ശ്രമങ്ങള്‍ നടത്തുന്നവരിലാണ് നാടിന്റെ പ്രതീക്ഷ. രമ പറഞ്ഞു. സമൂഹത്തിന്റെ ഏത് തലത്തിലും ലഭിക്കുന്ന സ്ഥാനങ്ങള്‍ നിര്‍വ്വഹിക്കാനുള്ള പ്രാപ്തി സ്ത്രീകള്‍ ആര്‍ജ്ജിച്ചെടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ ഫെഡറേഷനും റവലൂഷണറി മഹിളാ ഫെഡറേഷനും യോജിച്ച് ഒരു സംഘടനയായി പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് കുന്നംകുളം പി വി ഐ സി ഹാളില്‍ സംയുക്ത സംസ്ഥാന സമ്മേളനം ചേര്‍ന്നത്. രാവിലെ പ്രതിനിധികള്‍ ജാഥയായെത്തി കുന്നംകുളം സെന്ററില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് പി കൃഷ്ണമ്മാളുടെ അദ്ധ്യക്ഷതയിലാണ് സമ്മേളനം ആരംഭിച്ചത്. സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ ബീന രവി സ്വാഗതം പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനിസ് ജോര്‍ജ് നയരേഖ അവതരിച്ചിച്ചു.
പി.കൃഷ്ണമ്മാള്‍, ടി.കെ. വിമല ടീച്ചര്‍, എല്‍സി പോളി എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. കെ.കെ.രമ എം.എല്‍.എ പ്രസിഡന്റും, സെലീന ജോണ്‍സണ്‍ സെക്രട്ടറിയും കെ.എസ്.യശോധര ദേവി , ടി.കെ. വിമല ടീച്ചര്‍, ബീന രവി എന്നിവര്‍ വൈസ് പ്രസിഡന്റുമാരും ടി.അനില, എല്‍സി പോളി, ടി.പി. മിനിക എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരും ടി.കെ. അനിത ട്രഷററുമായി 17 അംഗ സംസ്ഥാനകമ്മിറ്റിയെ തെരഞ്ഞെടുത്തു.