തൃശൂർ വെള്ളിക്കുളങ്ങര ഇത്തനോളി മലയില്‍ മണ്ണിടിച്ചില്‍
തൃശൂർ : വെള്ളിക്കുളങ്ങര ഇത്തനോളിയിലുണ്ടായ ശക്തമായ മലവെള്ളച്ചാലില്‍ കോളനിയിലെ വീടുകളിലേക്ക് വെള്ളം കയറി. മുന്‍കരുതലെന്ന നിലയില്‍ ഇത്തനോളി പ്രദേശത്തെ 11 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ഇന്ന് വൈകീട്ട് ആറരയോടൊണ് ഇത്തനോളിക്കു സമീപമുള്ള മലയില്‍ നിന്ന് പൊടുന്നനെ വെള്ളം കുത്തിയൊലിച്ചെത്തിയത്. ആറു വീട്ടുകാരെ ബന്ധുവീടുകളിലേക്കും അഞ്ചു കുടുംബങ്ങളെ വെള്ളിക്കുളങ്ങര സര്‍ക്കാര്‍ യുപി സ്‌കൂളിലേക്കും പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ മാറ്റിപാര്‍പ്പിച്ചു.
ശക്തമായ മഴയെ തുടര്‍ന്ന് അതിരപ്പിള്ളി, വാഴച്ചാല്‍ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും അടച്ചു. ചാലക്കുടി മലയോര മേഖലയില്‍ തീവ്രമഴ തുടരുകയാണ്. മഴവെള്ളപ്പാച്ചലില്‍ റോഡും തോടും നിറഞ്ഞ് കവിഞ്ഞ് വെള്ളകെട്ടിലായി.
ചാര്‍പ്പ വെള്ളച്ചാട്ടത്തിലൂടെയുണ്ടായ മഴവെള്ളപ്പാച്ചില്‍ റോഡ് കവിഞ്ഞൊഴുകി. പത്തനംകുത്ത് ഭാഗത്ത് നിന്നും തുടങ്ങുന്ന ചാര്‍പ്പ തോട്ടില്‍ വലിയ തോതില്‍ ശക്തിയോടെയാണ് വെള്ളം കുത്തിയൊഴുകിയത്. ഉരുള്‍പൊട്ടലായിക്കും എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ മഴവെള്ളപാച്ചലിലാണെനന്ന് പിന്നീട് സ്ഥിരീക രിക്കുകയും ചെയ്തു.
ഷോളയാര്‍ ഡാം അടച്ചതിനെ തുടര്‍ന്ന് കുറഞ്ഞ ചാലക്കുടി പുഴയിലെ ജല നിരപ്പ് ഇതോടെ അല്പം ഉയര്‍ന്നിട്ടുണ്ട്. ചാര്‍പ്പ, വാളച്ചാല്‍, അതിരപ്പിള്ളി വെ ള്ളച്ചാട്ടങ്ങള് നിറഞ്ഞൊഴുകി. ചാര്‍പ്പ, വാഴച്ചാല്‍, ഇട്യായിനി ഭാഗങ്ങളിലെ റോഡില്‍ വെള്ളം കയറി ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
പറമ്പിക്കുളം ഡാമില്‍ നിന്നുള്ള വെള്ളത്തിന്‍റെ അളവ് പതിനായിരം ക്യു സെക്‌സായി ഉയര്‍ത്തിയ സാഹചര്യത്തില്‍ പെരിങ്ങല്‍കുത്ത് ഡാമിന്‍റെ രണ്ടാമത്തെ സ്ല്യൂയിസ് ഗേറ്റ് തുറക്കേണ്ടി വന്നേക്കാമെന്ന് അധികൃതര്‍ അറിയിച്ചു. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കേരളത്തിൽ അതിതീവ്രമഴ സാധ്യത പ്രഖ്യാപിക്കുകയും മലയോര മേഖലകളിൽ മഴ പെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ നിലവിൽ തൃശൂർ ജില്ലയിലെ ക്യാമ്പുകളിൽ താമസിക്കുന്നവർ അവിടം വിട്ട് പോകരുതെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ അഭ്യർത്ഥിച്ചു. മഴ ഒരു ദിവസം മാറി നിന്ന സാഹചര്യത്തിൽ ചില ക്യാമ്പുകളിൽ നിന്ന് താമസക്കാർ തിരികെ വീടുകളിലേക്ക് പോകാനുള്ള പ്രവണതയെ തുടർന്നാണ് കലക്ടറുടെ അഭ്യർത്ഥന.
കലക്ടറുടെ നേതൃത്വത്തിൽ വിവിധ ക്യാമ്പുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തൃപ്തികരമായ രീതിയിലാണ് ജില്ലയിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശത്തെ ആളുകൾ സുരക്ഷയെ മാനിച്ച് ക്യാമ്പുകളിലേക്ക് താമസം മാറാൻ തയ്യാറാകണം. അപകടഭീഷണി നിലനിൽക്കുന്ന തലപ്പിള്ളി താലൂക്കിൽ ഇങ്ങനെ വരുന്നവരെ സ്വീകരിക്കാൻ അഞ്ച് ക്യാമ്പുകൾ കൂടി സജ്ജമാക്കിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.