കനത്ത മഴയിൽ സംസ്ഥാനം പ്രളയഭീതിയിൽ , ഉരുൾ പൊട്ടലിൽ നിരവധി പേരെ കാണാതായി
കോട്ടയം: മലയോര മേഖലയിൽ കൂടുതൽ സ്ഥലങ്ങളിൽ ഉരുൾ പൊട്ടൽ. കൂട്ടിക്കലില്‍ ഉരുള്‍ പൊട്ടി മൂന്നു വീടുകള്‍ ഒലിച്ചു പോയി. 13 പേരെ കാണാതായതില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 10 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്
ഇതിനു പിന്നാലെ കൂട്ടിക്കലിനു സമീപം ഇടുക്കി ജില്ലയില്‍ വീണ്ടും ഉരുള്‍ പൊട്ടി. കൊക്കയാര്‍ പഞ്ചായത്തിലെ പൂവഞ്ചിയിലാണ് ഉരുള്‍ പൊട്ടിയത്. ഇവിടെയും 3 വീടുകള്‍ ഒലിച്ചു പോയതായി സംശയിക്കുന്നു. 10 പേരെ കാണാതായിട്ടുണ്ട്. തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ട് രണ്ടു പേർ മരിച്ചു . കൂത്താട്ടുകുളം സ്വദേശികളായ നിഖിൽ, നിമ എന്നിവരാണ് മരിച്ചത്
കെ.കെ റോഡിൽ വാഹന ഗതാഗതം നിരോധിച്ചു. പെന്തുവന്താനം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലകളിൽ വെള്ളപ്പൊക്കത്തിൽ റോഡ് മുങ്ങി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നു വെള്ളത്തിനടിയിലായ കൂട്ടിക്കലടക്കം കിഴക്കൻ മേഖലയിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽനിന്ന് ആളുകളെ മാറ്റുന്നതിന് എയർ ലിഫ്റ്റിങ്ങിനാണ് സഹായം തേടിയത്. കൂട്ടിക്കലിൽ രക്ഷാപ്രവർത്തനത്തിന് സേന എത്തും.
മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. മുണ്ടക്കയം ഇളംകാട്–വാഗമൺ റോഡിൽ ഉരുൾപൊട്ടി. ജനവാസ മേഖലയല്ലാത്തതിനാൽ ജീവാപായത്തെപ്പറ്റി ആശങ്കയില്ല. കൊടുങ്ങ ഭാഗത്തും വനത്തിൽ ചെറിയ ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുണ്ട്. പ്രധാന റോഡുകളിലും ഇട റോഡുകളിലും വെള്ളം കയറുന്നു. തോടുകൾ കരകവിഞ്ഞതിനെ തുടർന്ന് പറമ്പുകളിലും വെള്ളം കയറുകയാണ്. പൂജാ അവധിയുടെ ഭാഗമായി യാത്രയ്ക്കിറങ്ങിയവർ പല സ്ഥലങ്ങളിലും കുടുങ്ങി.
കനത്ത മഴയിൽ മുണ്ടക്കയം നഗരത്തിലെ ഒരു പ്രദേശം വെള്ളത്തിനടിയിലായി. മുണ്ടക്കയം–എരുമേലി റോഡിലെ കോസ് വേയും സമീപത്തെ വീടുകളും മുങ്ങി. വീടുകളുടെ ഒന്നാംനില വരെ വെള്ളമെത്തി. വീട്ടുകാർ വീടിനു മുകളിൽ കയറിയിരിക്കുന്നു. മുണ്ടക്കയം–എരുമേലി റോഡിൽ ഗതാഗതം നിരോധിച്ചു. ഇളംകാട് ഉരുൾ പൊട്ടിയതാണ് വെള്ളപ്പൊക്കത്തിനു കാരണം.
പൊന്തൻപുഴ രാമനായി ഭാഗത്ത് തോട്ടിൽനിന്നു വെള്ളം കയറിയതിനെ തുടർന്ന് ആറു കുടുംബങ്ങളെ തൊട്ടടുത്ത വീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. ഇടക്കുന്നം വില്ലേജ് മുറികല്ലുംപുറം ഭാഗത്ത് വീടുകളിൽ വെള്ളം കയറി. പ്രദേശം ഒറ്റപ്പെട്ട സാഹചര്യത്തിൽ ആളുകളെ മാറ്റാൻ സാധിച്ചിട്ടില്ല. സിഎസ്ഐ പള്ളിയുടെ അടുത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഒരു കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.
കുറവാമൂഴി പാലത്തിനു സമീപം താമസിക്കുന്ന 15 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. എങ്ങലി വടക്ക് പുത്തൻചന്ത ഭാഗത്ത് മുപ്പതോളം വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വീട്ടുകാരെ വരിക്കാനി എസ്എൻ സ്കൂളിലെ ക്യാംപിലേക്ക് മാറ്റുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കാഞ്ഞിരപ്പള്ളി പ്രസ് സെന്ററിൽ വെള്ളം കയറി. താഴത്തെ നില പൂർണമായും വെള്ളത്തിലായി. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ചോലത്തടം ഭാഗത്ത് ഉരുൾ പൊട്ടിയതായി റിപ്പോർട്ടുണ്ട്. മന്നം ഭാഗത്ത് ആൾ താമസം ഇല്ലാത്ത വീട് ഉരുൾപൊട്ടലിൽ ഒലിച്ചു പോയി. പാതാമ്പുഴ കുഴുമ്പള്ളിയിൽ ഉരുൾ പൊട്ടി പന്നി ഫാം ഒലിച്ചു പോയതായി സൂചനയുണ്ട്.
. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. 2018ലെ പ്രളയത്തിന്‍റെ സമാനമായ ഭീതിയിലാണ് ജനങ്ങൾ. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.. കേരളത്തിലുടനീളം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.സാഹചര്യത്തിൻ്റെ ഗൗരവം പരിഗണിച്ച് സംസ്ഥാന അടിയന്തര കാര്യനിർവഹണ കേന്ദ്രം കൂടുതൽ സജീവമാക്കുകയും ഡാമുകളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കെ.എസ്.ഇ.ബി, ഇറിഗേഷൻ വകുപ്പുകളുടെ പ്രതിനിധികളെ വിന്യസിച്ചു. ബന്ധപ്പെട്ട എല്ലാ വകുപ്പു മേധാവികളോടും ഏതു അടിയന്തര സാഹചര്യവും നേരിടാൻ സുസജ്ജരായിരിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.
എൻ.ഡി.ആർ.എഫിൻ്റെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇതിനോടകം വിന്യസിച്ചിട്ടുണ്ട്. കൂടാതെ ആർമിയുടെ രണ്ടു ടീമുകളിൽ ഒരു ടീം തിരുവനന്തപുരത്തും, മറ്റേത് കോട്ടയത്തും വിന്യസിക്കാനുള്ള നിർദ്ദേശം നൽകി. ഇതുകൂടാതെ ഡി.എസ്.സിയുടെ ഒരു ടീം കണ്ണൂരും ഒരെണ്ണം കോഴിക്കോടും വിന്യസിക്കാൻ നിർദ്ദേശം നൽകി.എയർഫോഴ്‌സിനും അടിയന്തിരസാഹചര്യം നേരിടാൻ സജ്ജരായിരിക്കാൻ നിർദ്ദേശം നൽകി. കോട്ടയത്ത് കൂട്ടിക്കലിൽ രക്ഷാപ്രവർത്തനത്തിനായി എയർഫോഴ്സിനോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. സന്നദ്ധ സേനയും സിവിൽ ഡിഫെൻസും അടിയന്തരസാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമായിട്ടുണ്ട്.
കേരള സംസ്ഥാന വൈദ്യുതി ബോർഡിൻ്റെ കീഴിലുള്ള അണക്കെട്ടുകളിൽ പത്തനംതിട്ട ജില്ലയിലെ കക്കി ,തൃശ്ശൂർ ജില്ലയിലെ ഷോളയാർ ,ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാർകുട്ടി എന്നീ അണക്കെട്ടുകളിൽ രാവിലെ 11 മണിക്കുള്ള അണക്കെട്ടുകളുടെ നിരീക്ഷണ പട്ടികയിൽ ചുവന്ന അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടി ,തൃശ്ശൂർ ജില്ലയിലെ പെരിങ്ങൽകുത്തു എന്നിവിടങ്ങളിൽ ഓറഞ്ച് അലെർട്ടും പ്രഖ്യപിച്ചിട്ടുണ്ട്.ഇറിഗേഷൻ വകുപ്പിൻ്റെ കീഴിലുള്ള അണക്കെട്ടുകളിൽ രാവിലെ 11 മണിക്കുള്ള അണക്കെട്ടുകളുടെ നിരീക്ഷണ പട്ടികയിൽ പാലക്കാട് ജില്ലയിലെ ചുള്ളിയാർ, തൃശ്ശൂർ പീച്ചി എന്നിവിടങ്ങളിൽ ചുവപ്പ് അലെർട് പ്രഖ്യപിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ വാഴാനി,ചിമ്മിനി,പാലക്കാട് ജില്ലയിലെ മീങ്കര,മംഗലം,മലമ്പുഴ എന്നിവിടങ്ങളിൽ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചു.
പാലക്കാട് ജില്ലയിലെ പോത്തുണ്ടി,തിരുവനന്തപുരം ജില്ലയിലെ നെയ്യാർ എന്നിവിടങ്ങളിൽ ആദ്യഘട്ട മുന്നറിയിപ്പായ നീലയും പുറപ്പെടുവിച്ചിട്ടുണ്ട്.പൊലീസ് സേനയോട് സജ്ജമാകാൻ നിർദ്ദേശംഅടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പൊലീസ് സേനയെ മുഴുവനായും സജ്ജമാക്കാൻ നിർദ്ദേശം നൽകി. ജില്ലകളില്‍ സ്പെഷ്യല്‍ കണ്‍ട്രോള്‍ റൂം തുറക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടര്‍, ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവരുമായി ചേര്‍ന്ന് പോലീസ് സംവിധാനം പ്രവര്‍ത്തിക്കും. മണ്ണ് ഇടിച്ചിലും വെള്ളപ്പൊക്കവും സംഭവിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കും. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ പ്രത്യേക പോലീസ് സുരക്ഷ ഏര്‍പ്പെടുത്താനും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ കർശനമായ ജാഗ്രത പുലർത്താനും സർക്കാർ സംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കാനും ശ്രദ്ധിക്കണം. അടിയന്തിര സാഹര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 112 എന്ന നമ്പറില്‍ ഏത് സമയവും ബന്ധപ്പെടാവുന്നതാണ്.”,