ഗുരുവായൂർ ദേവസ്വം ബഹുനില സമുച്ചയത്തിൽ വാഹന പാർക്കിങ്ങ് സൗജന്യമാക്കണം: അഡ്വ. ബി. ഗോപാലകൃഷ്ണൻ
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ബഹു നില വാഹന പാർക്കിങ്ങ് സമുച്ചയത്തിൽ ഭക്ത ജനങ്ങളിൽ നിന്നും ഫീസ് ഈടാക്കുന്നതിനെതിരെ ബി ജെ പി പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ: ബി. ഗോപാലകൃഷ്ണന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു കേന്ദ്ര സര്‍ക്കാരിന്റെ പ്രസാദ നഗരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 23.56-കോടി രൂപ പൂര്‍ണ്ണമായും ഗ്രാന്റായി നൽകി നിർമിച്ച പാർക്കിങ്ങ് സമുച്ചയത്തിൽ ഭക്തരിൽ നിന്ന് ഫീസ് ഈടാക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല .
ഗുരുവായൂരിന്റെ പ്രത്യേകതകള്‍ പരിഗണിച്ച് അമൃത്-പ്രസാദ് പദ്ധതിയില്‍ ഗുരുവായൂരിനെ ഉള്‍പ്പെടുത്തി നരേന്ദ്രമോദി സര്‍ക്കാര്‍ ഗുരുവായൂര്‍ ദേവസ്വത്തിനും, നഗരസഭയ്ക്കുമായി നല്‍കിയിട്ടുള്ളത് കോടികളാണ്. എന്നിട്ടും ഗുരുവായൂര്‍ ദേവസ്വവും, ഗുരുവായൂര്‍ നഗരസഭയും ഗുരുവായൂരിലെത്തുന്ന ഭക്തരെ അവഗണിയ്ക്കുകയാണെന്നും ബി. ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. അഴുക്കുചാല്‍ പദ്ധതിയുടെ ഭാഗമായി മാന്‍ഹോളുകളുടേയും, റോഡുകളുടേയും അറ്റകുറ്റപണികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍, വണ്‍വേ സിസ്റ്റം പറഞ്ഞുകൊണ്ട് ഗുരുവായൂരിലെത്തുന്ന ഭക്തരുടെ വാഹനത്തില്‍നിന്നും പിഴ ഈടാക്കുന്ന പോലീസ് നടപടിയും അവസാനിപ്പിയ്ക്കണം.
ഇന്നര്‍ റിങ്ങ്‌റോഡില്‍ നോ പാര്‍ക്കിങ്ങ് ബോര്‍ഡുകളോ, ദിശാ ബോര്‍ഡുകളോ സ്ഥാപിയ്ക്കാതെ ഗുരുവായൂരിലെത്തുന്ന ഭക്തജനസഹസ്രങ്ങളെ പിഴ ഈടാക്കി ചൂഷണം ചെയ്യുന്ന ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് നടപടിയിലും ബി.ജെ.പി ശക്തമായ അമര്‍ഷം രേഖപ്പെടുത്തുന്നതായും, ഇതിനെതിരെ ശക്തമായ സമര പരിപാടികളുമായി നീങ്ങാന്‍ ബി.ജെ.പി നിര്‍ബ്ബന്ധിതമായിരിയ്ക്കയാണെന്നും ഗോപാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രക്ഷോഭ പരിപാടികളുടെ തുടക്കമെന്നോണം ദേവസ്വം ഓഫീസ് മാര്‍ച്ചില്‍ തുടങ്ങി വിവിധ സമര പരിപാടികള്‍ ഉടന്‍ ആരംഭിയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പി ഗുരുവായൂര്‍ മണ്ഡലം പ്രസിഡണ്ട് അനില്‍ മഞ്ചറമ്പത്ത്, ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍, നഗരസഭ ജനറല്‍ സെക്രട്ടറി സുഭാഷ് മണ്ണാരത്ത്, നഗരസഭ പ്രസിഡണ്ട് മനീഷ് കുളങ്ങര, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സുമേഷ് തേര്‍ളി എന്നിവര്‍ പങ്കെടുത്തു.